When Science Wins

ല്ലാവരും കൈകൾ കഴുകുകയാണ് ഇപ്പോൾ. മഹാവ്യാധിയായി മാറിയിരിക്കുന്ന COVID-19 എന്ന രോഗത്തിന് കാരണമായ വൈറസുകളെ നശിപ്പിക്കാൻ സോപ്പുകൊണ്ട് കൈകൾ കഴുകുന്നത് ഏറ്റവും ഫലപ്രദമാണത്രെ! അത് എല്ലാവരും ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു എന്നു തോന്നുന്നു; ഭീകരവാദികൾ ഉൾപ്പടെ.

പക്ഷെ നിങ്ങൾ ഈ വൈറസിനെ കണ്ടിട്ടുണ്ടോ? വൈറസ് ആണ് രോഗം പരത്തുന്നത് എന്ന് നിങ്ങൾക്കെങ്ങനെ അറിയാം? സോപ്പ് എങ്ങനെയാണ് വൈറസിനെ നശിപ്പിക്കുന്നത്? ആരാണ് ഇതൊക്കെ പറഞ്ഞു പരത്തുന്നത്?

ഇതൊന്നും അറിയില്ലെങ്കിൽകൂടി നിങ്ങൾക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാം. അതു വൈറസുകളെ നശിപ്പിക്കുക തന്നെ ചെയ്യും. ഈ അറിവുകൾ ഒന്നും ആർക്കും പെട്ടെന്ന് ബോധോദയത്തിൽ നിന്ന് ഉണ്ടായതല്ല. അല്ലെങ്കിൽ പുരാതന മതഗ്രന്ഥങ്ങളിൽ നിന്ന് ലഭിച്ചതല്ല. അതിനെല്ലാം നിങ്ങൾ ശാസ്ത്രത്തോടു കടപ്പെട്ടിരിക്കുന്നു. എന്താണെന്ന് അറിയാത്തവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ശാസ്ത്രം. നിങ്ങൾ ഏതു മതവിശ്വാസി ആണെന്നതോ, ഏതു രാജ്യക്കാരനാണെന്നതോ, എന്തു നിറം ഉള്ള ആളാണെന്നതോ ഒന്നും ശാസ്ത്രത്തിനു പ്രശ്നമല്ല. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നത് മഹാത്മാഗാന്ധി ആണെങ്കിലും ഉസാമ ബിൻ ലാദൻ ആണെങ്കിലും വൈറസുകൾ നശിക്കും.

ശാസ്ത്രീയതയെ ഏറ്റവും ഗൗരവമായി എല്ലാവരും കാണുന്ന ഈ സമയത്തു തന്നെ ശാസ്ത്രം യഥാർത്ഥത്തിൽ എന്താണെന്ന് ഒന്ന് മനസിലാക്കാൻ ശ്രമിച്ചാലോ?

പലർക്കും ശാസ്ത്രം എന്നത് ശാസ്ത്രജ്ഞന്മാർ ചെയ്യുന്നതും പഠിക്കുന്നതും മാത്രമായ ഒരു കാര്യം ആണ്. എന്നാൽ അങ്ങനെ അല്ല. മനുഷ്യനുൾപ്പടെയുള്ളതെല്ലാം, പ്രപഞ്ചം അല്ലെങ്കിൽ പ്രകൃതി എന്ന് നാം വിളിക്കുന്ന ഒരു വ്യവസ്ഥയുടെ ഭാഗമാണ്. ഈ പ്രകൃതി ചില പ്രത്യേക നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നത് ആദിമ മനുഷ്യന് ചിന്തിക്കാനുള്ള കഴിവ് ഉണ്ടായിത്തുടങ്ങിയപ്പോഴേ അവർ നിരീക്ഷിച്ചതാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും തുടങ്ങി എല്ലാം അവൻ്റെ നിരീക്ഷണത്തിൻ്റെ ഭാഗമായി. നിരീക്ഷണം എന്നത് മനുഷ്യൻ്റെ നിത്യജീവിതത്തിൻ്റെയും ഭാഗമായി.

പിന്നീട് കൃഷി ചെയ്യാൻ തുടങ്ങിയപ്പോഴേക്കും വേവിച്ച ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴേക്കും അവന്റെ തലച്ചോറിന്റെ വികാസം ത്വരിതഗതിയിലായി. നിരീക്ഷിക്കുന്ന കാര്യങ്ങൾ ഓർത്തുവെക്കുവാനും വിശകലനം ചെയ്യുവാനുമുള്ള കഴിവ് അവനുണ്ടായി. ഇത്തരം നിരീക്ഷണങ്ങളായിരുന്നു ശാസ്ത്രത്തിൻ്റെ ആദ്യ രൂപം.

ഭാഷയുടെ വികാസമാണ് പിന്നീടങ്ങോട്ട് ഈ കഴിവുകളെ നയിച്ചത്. എഴുതുവാനും വായിക്കുവാനും ഉള്ള കഴിവ്, നിരീക്ഷണങ്ങൾ രേഖപ്പെടുത്താനും അടുത്ത തലമുറയ്ക്ക് കൈമാറുവാനും അവനെ സഹായിച്ചു. ഇത് പ്രധാനപ്പെട്ട ഒരു മാറ്റം ആയിരുന്നു. എന്തുകൊണ്ടെന്നാൽ പുതിയ ഒരു തലമുറക്ക് എല്ലാ കാര്യങ്ങളും സ്വയം കണ്ടെത്തുന്നതിനു പകരം, പൂർവികർ രേഖപ്പെടുത്തിവെച്ച അറിവുകൾ വായിച്ചെടുത്താൽ മതിയായിരുന്നു. ഇത് ഓരോ തവണ കഴിയുമ്പോഴും ആ സമൂഹത്തിൻ്റെ അറിവും പ്രാപ്തിയും വർധിപ്പിച്ചുകൊണ്ടേയിരുന്നു.

മറ്റൊരു പ്രശ്നം, ഭാഷ സ്വതന്ത്രം ആയതിനാൽ ആർക്കും എന്തും എഴുതി വെക്കാം എന്ന അവസ്ഥ ഉണ്ടായതാണ്. അതായത് രേഖപ്പെടുത്തിവെക്കുന്ന കാര്യങ്ങൾ എല്ലാം നിരീക്ഷണവുമായി ബന്ധപ്പെട്ടതാകണമെന്നില്ലാതായി. അങ്ങനെ കലയും സാഹിത്യവും എല്ലാം ഉണ്ടായി.

ഇതോടൊപ്പം തന്നെ അന്ധവിശ്വാസങ്ങളും ഉടലെടുത്തു. നിരീക്ഷണങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് അന്ധവിശ്വാസങ്ങൾ. ഇങ്ങനെ മനുഷ്യൻ പ്രകൃതിയിൽ നിന്നു മനസിലാക്കിയതും അല്ലാത്തതും ആയ എല്ലാ അറിവിൻ്റെയും ഒരു മിശ്രണം ആയിരുന്നു അന്നത്തെ ശാസ്ത്രം. ഇന്ന് അതിനെ നമ്മൾ Protoscience എന്നു വിളിക്കുന്നു.

മതം എന്നതും ഇത്തരത്തിൽ ഒരു മിശ്രണമാണ്. അത് ദൈവം എന്ന സങ്കല്പത്തെക്കൂടി ഉൾകൊള്ളുന്നു എന്ന് മാത്രം. പ്രകൃതിപ്രതിഭാസങ്ങളെ നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ തന്നെ പലതും വിശദീകരിക്കാനാകാത്തതും പ്രവചനാതീതവും ആണെന്ന സത്യം അവൻ മനസിലാക്കിയിരുന്നു. ഉദാഹരണത്തിന് സൂര്യൻ അസ്തമിക്കുന്നത് പടിഞ്ഞാറ് എന്ന് അവൻ വിളിക്കുന്ന ദിശയിലാണെന്നും, അസ്തമിച്ചു കഴിഞ്ഞാൽ തീർച്ചയായും എതിർ ദിശയിൽ സൂര്യൻ ഉദിക്കുമെന്നും ഒരു സംശയവും കൂടാതെ അവന് പ്രവചിക്കാൻ കഴിയുമായിരുന്നു. എന്നാൽ എല്ലാ കാര്യങ്ങളും അത്തരത്തിൽ വിശദീകരിക്കാൻ മനുഷ്യന് കഴിഞ്ഞില്ല. ഇതു മനുഷ്യനെ വല്ലാതെ അലട്ടി. പ്രളയം പോലെ ഉള്ള ആപത്തുകൾ പ്രവചിക്കാൻ കഴിയാത്തത് മനുഷ്യ സമൂഹത്തിൽ ഭീതി ഉണ്ടാക്കി. ഇങ്ങനെ ആണ് പ്രകൃതിശക്തികളിൽ മനുഷ്യൻ വിശ്വസിക്കാൻ തുടങ്ങിയത്. സൂര്യനും ചന്ദ്രനും കാറ്റും മഴയും ഇടിയും തീയും എല്ലാം ദൈവങ്ങളായിമാറി. ദൈവങ്ങളെ പ്രീതിപ്പെടുത്തിയാൽ മഹാമാരികളിൽ നിന്ന് രക്ഷനേടാം എന്നും, അഥവാ അങ്ങനെ എങ്ങാനും മരിച്ചാൽ ഒരു മരണാനന്തര ജീവിതം ഉണ്ടാകുമെന്നും, അത് സ്വർഗത്തിൽ ആകും എന്നുള്ള വിശ്വാസങ്ങൾ ആകസ്മികമായി അവനിൽ ഉണ്ടായി. മരണ ഭയമാണ് ഇത്തരം വിശ്വാസങ്ങളുടെ മൂലഹേതുവായത് (എല്ലാവരും എപ്പോഴും മരിക്കാൻ തയ്യാറുള്ളവർ ആയിരുന്നുവെങ്കിൽ മനുഷ്യന് ഒന്നിനെയും പേടിക്കേണ്ടിവരില്ലായിരുന്നു). ഇത്തരം ഭയങ്ങളെപറ്റിയുള്ള ഒരു വീഡിയോ Michael Stevens അദ്ദേഹത്തിൻ്റെ Mind Field എന്ന പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എങ്കിലും പ്രകൃതി അതേപടി അതിൻ്റെ ചലനം തുടർന്നു; മനുഷ്യന്റെ വിശ്വാസങ്ങളോ അറിവോ അതിനെ ഒരു തരത്തിലും ബാധിച്ചില്ല. ഇങ്ങനെയാണ് ഇന്ന് നാം ജീവിക്കുന്ന സമൂഹവും അതിലെ വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം ഉണ്ടായത്. ഒരുകാലത്ത് എല്ലാ അറിവുകളും ഒന്നായിരുന്നെങ്കിലും, പിന്നീട് ക്രമേണ ഓരോന്നും ഓരോ ശാഖകളായി പിരിഞ്ഞു; മതം, ശാസ്ത്രം, തത്വചിന്ത, കല എന്നിങ്ങനെ. ഇതിൽ ശാസ്ത്രത്തെപ്പറ്റിയാണ് ഇന്ന് നമ്മൾ പറയുന്നത്. കാരണം ശാസ്ത്രത്തേക്കാൾ മറ്റൊന്നും മനുഷ്യന് ഉപകാരപ്പെട്ടില്ല, അല്ലെങ്കിൽ ഉപകാരപ്പെടുന്നില്ല എന്നു മനുഷ്യൻ ഇന്നു മനസിലാക്കുന്നു.

നിരീക്ഷണം ആണ് അറിവ് നേടാൻ മനുഷ്യൻ ആദ്യം ഉപയോഗിച്ച രീതി എന്നു പറഞ്ഞു. ഇതുപോലെ തന്നെ പ്രാധാന്യം ഉള്ള മറ്റൊരു പ്രക്രിയയാണ് പരീക്ഷണം. നിരീക്ഷണത്തിലൂടെ എത്തുന്ന നിഗമനങ്ങൾ ശരി ആണോ എന്ന് പരീക്ഷിക്കുന്നതാണ് പരീക്ഷണം എന്ന് പറയുന്നത്. ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിൽ അദ്ദേഹത്തിന്റെ ആശയങ്ങളോ നിഗമനങ്ങളോ, പ്രകൃതിപ്രതിഭാസങ്ങളുമായി ഒത്തുപോകുന്നതാണോ എന്ന്‌ ഒരിക്കലും പരീക്ഷണങ്ങളിലൂടെ നിർണയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പ്രകൃതി നിയമങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പല വിശദീകരങ്ങളും തെറ്റായിരുന്നു. ഉദാഹരണത്തിന്, ഭാരം കൂടിയ വസ്തുക്കൾ ഭാരം കുറഞ്ഞ വസ്തുക്കളെക്കാൾ വേഗത്തിൽ താഴെ എത്തും എന്നാണ് അദ്ദേഹം കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല എന്ന്‌ കൊച്ചുകുട്ടികൾക്ക് പോലും ഇന്നറിയാം (ഇവരാരും അത് പരീക്ഷിച്ചു നോക്കിയിട്ടില്ലെങ്കിൽ പോലും).

അരിസ്റ്റോട്ടിലിന്റെ രീതിക്ക് വിരുദ്ധമായ ഒരു മാറ്റം കൊണ്ടുവന്നത് ഗലീലിയോ ആയിരുന്നു. നിരീക്ഷണങ്ങളിലൂടെ എത്തുന്ന നിഗമനങ്ങൾ ശരിയാണോ എന്ന് ആവർത്തിച്ചുള്ള പരീക്ഷണങ്ങളിലൂടെ ഉറപ്പുവരുത്തുന്നതിന്റെ പ്രാധാന്യം അദ്ദേഹമാണ് ആദ്യം പ്രസ്താവിച്ചതും തെളിയിച്ചതും. പ്രകൃതി പ്രതിഭാസങ്ങളെ ലളിതമായ നിയമങ്ങളിലൂടെ വിശദീകരിക്കാമെന്നും, പരിണിതഫലങ്ങളെ ആ നിയമങ്ങൾ ഉപയോഗിച്ച് പ്രവചിക്കാമെന്നും അദ്ദേഹം കണ്ടെത്തി.

അവിടെ നിന്നും ശാസ്ത്രം സ്വതന്ത്രമായി വളർന്നു. പ്രകൃതിനിയമങ്ങളെ പ്രസ്താവിക്കുന്നതിൽ ഗണിതത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് കാണിച്ചു തന്ന ഐസക്ക് ന്യൂട്ടൺ മുതലുള്ള ശാസ്ത്രജ്ഞർ അതിനെ മുന്നോട്ടു നയിച്ചു. ശാസ്ത്രഗ്രന്ഥങ്ങളിലൂടെ ആ അറിവുകൾ എല്ലാ ഭാഷയിലേക്കും എല്ലാ നാടുകളിലേക്കും എത്തി. എല്ലാവരും ശാസ്ത്രത്തിന്റെ നേട്ടങ്ങൾ അനുഭവിക്കാൻ തുടങ്ങി. ശാസ്ത്രത്തോടൊപ്പം സാങ്കേതികവിദ്യയും വികസിച്ചു (ശാസ്ത്രീയ അറിവുകളുടെ പ്രായോഗിക ഉപയോഗമാണ് സാങ്കേതികവിദ്യ). പക്ഷെ ഇത്തരത്തിലും ശാസ്ത്രത്തിന്റെ നേട്ടങ്ങൾ നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തുമ്പോഴും, ശാസ്ത്രം യഥാർത്ഥത്തിൽ എന്താണെന്നോ അത് എങ്ങനെയാണ് ഉണ്ടായതെന്നോ ഉള്ള കാര്യങ്ങളിൽ സാധാരണ സമൂഹം അജ്ഞരായിരുന്നു. അതുകൊണ്ടുതന്നെ തെറ്റായ ആചാരങ്ങളും അന്ധവിശ്വാസങ്ങളും കാലത്തോടൊപ്പം സഞ്ചരിച്ചു. ഇത്തരത്തിൽ അജ്ഞരായ ഒരു സമൂഹമാണ് ഈ 2020 ലും നമുക്കുള്ളത്.

ഒരു മനുഷ്യൻ ജനിക്കുമ്പോൾ അവന്റെ മസ്തിഷ്കത്തിൽ പരിണാമങ്ങളിലൂടെ നേടിയ അറിവുകൾ മാത്രമേ ഉണ്ടായിരിക്കൂ. ഉദാഹരണത്തിന് എങ്ങനെ ശ്വസിക്കണെമെന്നും, എങ്ങനെ കണ്ണ്‌ ചിമ്മണം എന്നൊക്കെ. വളർച്ചയിലുടനീളം അവനിൽ ഉണ്ടാകുന്ന ആശയങ്ങളും വിശ്വാസങ്ങളുമെല്ലാം, അവൻ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് സമ്പാദിക്കുന്നതാണ്. അവൻ ഉൾപ്പെട്ട സമൂഹം, ജനിച്ച സ്ഥലം, അവിടത്തെ കാലാവസ്ഥ, ജീവിതരീതികൾ, എല്ലാം അവന്റെ ആശയങ്ങളെയും വിശ്വാസങ്ങളെയും രൂപപ്പെടുത്തുന്നു. ഇതിനെയാണ് പൊതുവെ നമ്മൾ സംസ്കാരം എന്ന് പറയുന്നത്. ഒരോ സ്ഥലങ്ങളിലും ഒരോ സംസ്കാരങ്ങൾ ഉണ്ടായി. എന്നാൽ ഒരു സംസ്കാരത്തിന്റെ വിശ്വാസങ്ങളും രീതികളും മറ്റൊരു സംസ്കാരത്തിന്റെതുമായി പൊരുത്തപ്പെടാൻ വളരെ ബുദ്ധിമുട്ടായിരുന്നു (സംസ്കാരം മതവുമായും ഭാഷയുമായും വളരെയധികം ഇഴുകിച്ചേർന്ന ഒന്നാണെന്ന് ഓർക്കുക).

എന്നാൽ ശാസ്ത്രം ഇതിൽനിന്നു വ്യത്യസ്തമായിരുന്നു. അത് സാർവത്രികമാണ്. ഭൂമിയിലെ ഒരു സ്ഥലത്തു നിന്ന് ഒരാൾ ചെയ്യുന്ന പരീക്ഷണങ്ങളുടെ ഫലങ്ങൾ, അതെ പരീക്ഷണം മറ്റൊരിടത്തു നിന്ന് ചെയ്യുന്നതിന്റേതിന് സമം ആയിരിക്കും. ഉദാഹരണത്തിന് ഭൂമിയുടെ ചുറ്റളവ് ശാസ്ത്രീയമായി ആദ്യം അളന്നത് ഗ്രീക്ക് ഗണിതജ്ഞനായിരുന്ന ഇറാസ്‌തോസ്‌ഥാനീസ് ആയിരുന്നു. അദ്ദേഹം കണക്കുകൂട്ടിയ ഭൂമിയുടെ ചുറ്റളവ് വളരെ കൃത്യവുമായിരുന്നു. ഭൂമിയുടെ ഉപരിതലത്തിൽ വളരെ ചെറിയ ഒരു സ്ഥലത്തുനിന്നാണ് അദ്ദേഹം ഇതു ചെയ്തത് എന്നോർക്കുക. ഇതേ പരീക്ഷണം ഭൂമിയുടെ മറ്റൊരു സ്ഥലത്തിരുന്ന് മറ്റാരു ചെയ്താലും ഇതേ ഫലം തന്നെ ലഭിക്കും. നിങ്ങൾക്കും ഇത് സ്വയം ചെയ്തു നോക്കാവുന്നതാണ്.

ശാസ്ത്രത്തിന്റെ ഒരു പ്രധാനപ്പെട്ട സവിശേഷത ആണ് ഇപ്പോൾ നാം മനസിലാക്കിയത്, അതായത് സാർവത്രികത. ശാസ്ത്രത്തിന്റെ നിർവചനം എന്താണെന്ന് ഇനി നോക്കാം. Science എന്ന ഇംഗ്ലീഷ് വാക്കിന്റെ അർഥം “അറിവ്” എന്നാണ്. അറിവെന്നാൽ ഇരുട്ടിനെ അകറ്റുന്നത്. അജ്ഞതയാണ് ഇരുട്ട്. അജ്ഞാതമായതിനെക്കുറിച്ചുള്ള അറിവ്, ആ അജ്ഞതയെ ഇല്ലാതാക്കുന്നു. ഇതുതന്നെയാണ് ശാസ്ത്രവും.


നിരീക്ഷണങ്ങളിലൂടയേയും പരീക്ഷണങ്ങളിലൂടെയും മനുഷ്യൻ നേടിയ അറിവുകളുടെയും, ശാസ്ത്രീയ നിഗമനങ്ങളുടെയും, നിയമങ്ങളുടെയും, ഗണിത സമവാക്യങ്ങളുടെയും ചട്ടക്കൂടുകളുടെയും ഒക്കെ ആകെത്തുകയാണ് ശാസ്ത്രം. മനുഷ്യനു കൈവശമുള്ള, പ്രകൃതിയുടെ ഏറ്റവും നല്ല ചിത്രം. ശാസ്ത്രം അറിവാണെങ്കിൽ, ആ അറിവ് നേടുന്നതിനുള്ള മാർഗങ്ങളാണ് ശാസ്ത്രീയത. ഇംഗ്ലീഷിൽ അതിനെ Scientific Method (ശാസ്ത്രീയ മാർഗം) എന്നു പറയുന്നു. ശാസ്ത്രം എന്നത് ഒരു നാമവും (noun) ശാസ്ത്രീയത എന്നത് ഒരു ക്രിയയും (verb) നാമവിശേഷണവും (adjective) ആണ്. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം എപ്പോഴും മനസിലാക്കിയിരിക്കണം. ശാസ്ത്രീയത എന്നത് എവിടെയും നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന ഒന്നാണ്. ഏതൊരു പ്രശ്നങ്ങൾക്കും ഏറ്റവും നല്ല പോംവഴികൾ കണ്ടെത്താൻ ശാസ്ത്രീയത ഉപകാരപ്പെടും. ഇത്തരത്തിൽ ശാസ്ത്രവും ശാസ്ത്രീയതയും എന്താണെന്ന് മനസിലാക്കുന്നതിനെയും, അത് പ്രയോഗത്തിൽ കൊണ്ടുവരുന്നതിനെയും ആണ് ശാസ്ത്രബോധം ഉണ്ടായിരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാസ്ത്രബോധം ഉള്ള ജനങ്ങൾ ആണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് – അവിടെയാണ് എറ്റവും മികച്ച ഒരു സമൂഹം ഉണ്ടാകുന്നത്.

മതവും സംസ്കാരവും ഒരാളിൽ ഉണ്ടാക്കുന്ന സ്വാധീനങ്ങൾ തരണം ചെയ്യാൻ സ്വതന്ത്രചിന്ത ആവശ്യമാണ്. ഇത്തരത്തിൽ സ്വതന്ത്രചിന്തയും ശാസ്ത്രബോധവും വളർത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം. ധൗർഭാഗ്യവശാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രതായം അങ്ങനെ ഉള്ള ഒന്നല്ല. ശാസ്ത്രബോധം ഉണ്ടാകാൻ, പാഠപുസ്തകങ്ങൾക്കുപരിയായ നിരവധി പുസ്തകങ്ങൾ വായിച്ചാൽ മാത്രമേ ഒരു കുട്ടിക്ക് സാധിക്കൂ. അതായത് ഉയർന്ന മാർക്സ് വാങ്ങി ജയിക്കുന്ന കുട്ടികൾക്കുപോലും ശാസ്ത്രബോധമോ സ്വതന്ത്രചിന്തയോ ഉണ്ടാകണമെന്നില്ല എന്നർത്ഥം (വിദ്യാഭ്യാസം ഉണ്ടായിട്ടും വിവേകമുണ്ടാകാത്തതിന്റെ കാരണം ഇതാണ്).

ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളും ഒന്നു ക്രമപ്പെടുത്താം, എങ്കിലേ ശാസ്ത്രത്തിന്റെ നിർവചനം പൂർണമാകൂ.

1. അറിവിന്റെ സമാഹരണം (Aggregation of Knowledge): ശാസ്ത്രീയ മാർഗങ്ങളിലൂടെ നേടിയ അറിവുകളുടെ സമാഹരണമാണ് ശാസ്ത്രം. അതായത് നമുക്ക് അറിയാത്ത കാര്യങ്ങൾ (unknowns) എപ്പോഴും ഉണ്ടായിരിക്കും. അവയെക്കൂടി അറിയുക എന്നതാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം.

2. നിരീക്ഷണം (Observation): നിരീക്ഷണം എന്നാൽ യഥാർത്ഥത്തിൽ അളക്കലാണ്. അളവുകൾ (measurements) കൃത്യമായി ഉണ്ടെങ്കിലേ ഏതൊരു നിരീക്ഷണത്തത്തെയും ഗണിതരൂപത്തിലാക്കാൻ കഴിയൂ. ഗണിതരൂപമുണ്ടെങ്കിലേ ഒരു പ്രക്രിയയുടെ ഭാവി ഗതി നിശ്ചയിക്കാൻ പറ്റൂ. ഉദാഹരണത്തിന് പ്രേവേഗവും (velocity) ത്വരണവും (acceleration) നമ്മൾ കണക്കുകൂട്ടുന്നത് നീളം, സമയം എന്നീ രണ്ട് അളവുകൾ ഉപയോഗിച്ചാണ്. ഇവ രണ്ടും ഉണ്ടെങ്കിൽ പ്രേവേഗവും ത്വരണവും ഗണിതസമവാക്യങ്ങൾ ഉപയോഗിച്ചു കണ്ടെത്താവുന്നതാണ്.

3. പരീക്ഷണം (Experimentation): ഒരു നിരീക്ഷണം ഇപ്പോഴും സ്വാഭാവികം ആകണമെന്നില്ല. അഥവാ നമ്മൾ നിരീക്ഷിക്കാൻ തീരുമാനിക്കുന്ന സമയത്ത് ഒരു പ്രക്രിയ അല്ലെങ്കിൽ ഒരു പ്രതിഭാസം ഉണ്ടാകണമെന്നില്ല. ഉദാഹരണത്തിന് തെങ്ങിൽനിന്നും തേങ്ങാ വീഴുന്നത് ഗുരുത്വാഘർഷണം മൂലമുള്ള ഒരു സ്വാഭാവിക പ്രക്രിയയാണ്. പക്ഷെ ഗുരുത്വാഘർഷണത്തെപ്പറ്റി പഠിക്കാൻ തെങ്ങിൽ നിന്ന് തേങ്ങ വീഴുന്നതും കാത്തിരിക്കാൻ പറ്റുമോ? ഇല്ല. അപ്പോൾ വസ്തുക്കൾ ഭൂമിയിലേക്ക് വീഴുന്നതിനെപ്പറ്റി പഠിക്കാൻ ഒരു പരീക്ഷണം നമ്മൾ നടത്തണം. ഇതിൽ, വീഴുന്ന വസ്തുവിന്റെ ഭാരം, ആകൃതി, വ്യാപ്തി എന്നിവയൊക്കെ നമുക്ക് തന്നെ തീരുമാനിക്കാം. അങ്ങനെ നടത്തുന്ന ഒരു പരീക്ഷണത്തിൽ നിന്ന് അളവുകൾ തമ്മിലുള്ള ബന്ധം നിരീക്ഷിക്കുകയും അതിനായി സമവാക്യങ്ങൾ രൂപീകരിക്കുകയും ചെയ്യാം. അതായത് പരീക്ഷണം എന്നാൽ വളരെ നിയന്ത്രിതമായ ഒരു നിരീക്ഷണം ആണെന്നർത്ഥം.

4. യുക്തി (Logic): യുക്തിയിലൂടെയാണ് പരീക്ഷണ-നിരീക്ഷണ ഫലങ്ങളെ അപഗ്രഥിക്കുന്നത്. യുക്തിയുടെ ഏറ്റവും സവിശേഷമായ രൂപമാണ് ഗണിതം. പ്രകൃതിനിയമങ്ങളുടെ ഭാഷയാണത്.

5. സാർവത്രികത (Universality): പ്രപഞ്ചത്തിന്റെ വളരെ ചെറിയ സ്ഥലത്തു നടത്തുന്ന പരീക്ഷണ-നിരീക്ഷങ്ങൾ, പ്രപഞ്ചത്തിൽ മറ്റെല്ലായിടത്തും ഉണ്ടാകുന്ന പ്രതിഭാസങ്ങളെയും വിശദീകരിക്കാൻ ഉപയോഗപ്പെടുത്തുന്നതിനെയാണ് സാർവത്രികത എന്ന് പറയുന്നത്. ഉദാഹരണത്തിന് ഭൂമിയുടെ ഉപരിതലത്തിൽ ഇരിക്കുന്ന രണ്ടു വസ്തുക്കൾ തമ്മിലുള്ള ആകർഷണം നിശ്ചയിക്കാൻ നമ്മൾ കണ്ടെത്തിയ സമവാക്യം (https://en.wikipedia.org/wiki/Cavendish_experiment), ഭൂമിയും ചന്ദ്രനും തമ്മിലുള്ളതും, സൂര്യനും മറ്റു ഗ്രഹങ്ങളും തമ്മിലുള്ളതും, ഗാലക്സികൾ പരസ്പരം തമ്മിലുള്ളതും ആയ ആകർഷണബലത്തെ വിശദീകരിക്കാൻ നമുക്കുപയോഗിക്കാം. എത്രമാത്രം സാർവത്രികമാണോ, അത്രമാത്രം നല്ലതാണ് ഒരു ശാസ്ത്ര നിയമം. സാർവത്രികം എന്നത് ചിലപ്പോൾ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. ഉദാഹരണത്തിന് പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങളിൽ ഒന്നാണ് അതിശക്ത ബലം (Strong Nuclear Force). പ്രോട്ടോണുകൾ തമ്മിലുള്ള ഈ ബലം ഗുരുത്വബലത്തേക്കാൾ 100000000000000000000000000000000000000 (10^32) മടങ്ങു ശക്തം ആണ്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് നിത്യജീവിതത്തിൽ നാം ഇതനുഭവിക്കുന്നില്ല? അതിനുകാരണം, അതിശക്ത ബലം പ്രോട്ടോണുകൾക്കിടയിലുള്ള വളരെ വളരെ ചെറിയ ദൂരങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുന്നത് എന്നതുകൊണ്ടാണ്. ഇത് വായിക്കുന്ന നിങ്ങളുടെ ശരീരത്തിലെ എല്ലാ ആറ്റങ്ങളിലും ഉള്ള പ്രോട്ടോണുകൾ എല്ലാം ഈ ബലം ഉപയോഗിച്ചാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

6. സ്വയം പരിഷ്കരിക്കപ്പെടുന്നത് (Self-updating): പല ആളുകളും കരുതുന്നത് ശാസ്ത്രം എന്നത് ഇളക്കമില്ലാത്ത ഒന്നാണെന്നാണ്. എന്നാൽ ശാസ്ത്രം സ്വയം പരിഷ്കരിക്കപ്പെടുന്ന (self-updating) ഒന്നാണ്. നിലവിൽ ഉള്ള ശാസ്ത്ര നിയമങ്ങൾക്കോ, ഗണിതസമവാക്യങ്ങൾക്കോ വിശദീകരിക്കാൻ പറ്റാത്ത ഒരു നിരീക്ഷണം നാം എപ്പോഴെങ്കിലും നടത്തുകയാണെങ്കിൽ, അതിനർത്ഥം ശാസ്ത്രനിയമങ്ങൾ പരിഷ്കരിക്കപ്പെടണം എന്നാണ്. അതിനായി കൂടുതൽ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തേണ്ടി വരും. ഉദാഹരണത്തിന്, ചലനത്തിലെ ആപേക്ഷിക വ്യതിയാനങ്ങളെ വിശദീകരിക്കാൻ ന്യൂട്ടന്റെ ചലനനിയമങ്ങൾക്കു കഴിയാതിരുന്നപ്പോൾ, ഐൻസ്റ്റീൻ പുതിയ നിയമങ്ങൾ കണ്ടെത്തി. ഇതിനർത്ഥം, ന്യൂട്ടൻറെ നിയമങ്ങൾ തെറ്റായിരുന്നു എന്നല്ല; അതിന്റെ പ്രായോഗികത പരിമിതമായിരുന്നു എന്നതാണ് (ന്യൂട്ടന്റെ നിയമങ്ങൾ, ഐൻസ്റ്റീന്റെ നിയമങ്ങളുടെ ലളിതമായ രൂപങ്ങളാണ്). നിങ്ങൾക്ക്‌ Google Maps ൽ കൃത്യമായ സ്ഥാനം ലഭിക്കുന്നതിൽ നിങ്ങൾ ഐൻസ്റ്റീനോട് കടപ്പെട്ടിരിക്കുന്നു.

7. ലഘൂകരണം (Simplification) : എത്ര സങ്കീർണമായ നിരീക്ഷണങ്ങളെയും പ്രക്രിയകളെയും, ലളിതമായ നിയമങ്ങളും സമവാക്യങ്ങളും ആക്കുക എന്നതാണ് ശാസ്ത്രം എപ്പോഴും ആവശ്യപ്പെടുന്നത്. ഉദാഹരണത്തിന് മേഘങ്ങളുടെ ആകൃതി എങ്ങനയെയാണ് വിശദീകരിക്കുക എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വളരെ സങ്കീർണമായ ഒന്നാണത്. എന്നാൽ വാതകങ്ങളുടെ ചലനത്തെപ്പറ്റിയുള്ള സമവാക്യങ്ങൾക്ക് (Fluid Dynamics) ഏതു മേഘങ്ങളുടെ ആകൃതിയും വിശദീകരിക്കാൻ പറ്റും.

8. സിദ്ധാന്തങ്ങൾ പരീക്ഷിക്കുവാൻ പറ്റുന്നതാകണം (Theories should be testable): ഒരു പുതിയ പ്രതിഭാസത്തെയോ നിരീക്ഷണത്തെയോ വിശദീകരിക്കാൻ ശാസ്ത്രജ്ഞന്മാർ പല ആശയങ്ങൾ അഥവാ പരികല്പനകൾ (Hypothesis) മുന്നോട്ടുവെക്കാറുണ്ട്. ഇവയെല്ലാം ശരി ആകണമെന്നില്ല. ഇത്തരം പരികല്പനകൾ ശരി/തെറ്റ് ആണോ എന്ന് പരീക്ഷിച്ചു നോക്കാൻ കഴിയുന്നവയാകണം. അല്ലെങ്കിൽ അവകൊണ്ട് ഒരുപയോഗവുമില്ല. പരികല്പനകൾ തെറ്റാണെന്നു കണ്ടെത്താനാണ് എപ്പോഴും പരീക്ഷങ്ങൾ നടത്താറ്; ശരിയാണെന്നു തെളിയിക്കാനല്ല. കാരണം, ഒരു പരികല്പന ശരിയാകാനുള്ള സാധ്യത, അത് തെറ്റാകാൻ ഉള്ള സാധ്യതയേക്കാൾ വളരെക്കുറവായിരിക്കും എന്ന യുക്തിയാണ്. പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ഒരു പരികല്പനയാണ് സിദ്ധാന്ധം. അത്തരം ഒരു സിദ്ധാന്തത്തിന്, നിരീക്ഷിക്കാൻ കഴിയുന്ന പ്രവചങ്ങൾ നടത്താൻ കഴിയും.

9. മനുഷ്യൻ ഒരു പരിമിതി (Limitation of the observer) : പ്രകൃതിനിയമങ്ങളെ പറ്റി പഠിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ആ പ്രകൃതിയുടെ തന്നെ ഭാഗമാണെന്നത് വലിയ ഒരു പരിമിതിയാണ്. മനുഷ്യൻ അവന്റെ ഇന്ദ്ര്യങ്ങളിലൂടെയാണ് നിരീക്ഷണങ്ങൾ നടത്തുന്നത്. അതീന്ദ്രിയമായ കാര്യങ്ങൾ ഒരിക്കലും സ്വാഭാവികരീതിയിൽ നമുക്ക് മനസിലാക്കാൻ കഴിയില്ല. ഇവിടെയാണ് സാങ്കേതികവിദ്യ നമ്മെ സഹായിക്കുന്നത്. സൂക്ഷ്മവസ്തുക്കളെ കാണാൻ ഉള്ള മൈക്രോസ്കോപ്പും, ദൂരെയുള്ള വസ്തുക്കളെ കാണാനുള്ള ടെലെസ്കോപ്പും ഇത്തരത്തിൽ സാങ്കേതികവിദ്യ നമുക്ക് നൽകിയ സംഭാവനകൾ ആണ്. ശാസ്ത്രീയ അറിവുകളോടൊപ്പം സർഗാത്മകതയും കൂടിച്ചേരുമ്പോഴാണ് സാങ്കേതികവിദ്യ ഉണ്ടാകുന്നത്. ഈ പ്രക്രിയയാണ് എഞ്ചിനീയറിംഗ്. മനുഷ്യൻ അവന്റെ ഇന്ദ്രിയങ്ങളുടെ പരിമിതികൾ, ഉപകരണങ്ങൾ ഉപയോഗിച്ച് മറികടക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്. ഒരു ഇൻഫ്രാറെഡ് ക്യാമറയുപയോഗിച്ച് ഇൻഫ്രാറെഡ് വെളിച്ചത്തെ നിങ്ങൾക്ക് കാണാൻ കഴിയും. അതുപോലെ, ഇലക്ട്രോൺ മൈക്രോസ്കോപ്പുപയോഗിച്ച് നിങ്ങൾക്ക് വൈറസുകളെയും കാണാൻ കഴിയും. നിരീക്ഷണം നടത്താനുള്ള മനുഷ്യന്റെയും അവന്റെ ഉപകരണങ്ങളുടെയും കഴിവ് ഇല്ലാതാകുന്നതുവരെ ശാസ്ത്രം വളർന്നുകൊണ്ടേയിരിക്കും.

ഇനി COVID-19 ന്റെ കാര്യത്തിലേക്കു വരാം. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മ വസ്തുക്കൾ (വൈറസുകൾ ജീവൻ ഉള്ളവയല്ല) ആണ് വൈറസുകൾ. COVID-19 എന്ന രോഗത്തിന് കാരണമായ SARS-CoV-2 എന്ന വൈറസിന് മാംസ്യവും (Protien) കൊഴുപ്പും (Fat) കൊണ്ടുള്ള ഒരു സ്തരമാണുള്ളത്. അതിനുള്ളിൽ RNA എന്ന ജീനോമും. ജലതന്മാത്രകളോടും കൊഴുപ്പ് തന്മാത്രകളോടും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന പതാർത്ഥങ്ങളാണ് സോപ്പിൽ ഉള്ളത്. ഇവ വൈറസുകളുടെ സ്തരങ്ങളെ നശിപ്പിക്കുകയും, അവയെ ജലത്തോടൊപ്പം കഴുകിക്കളയുകയും ചെയ്യുന്നു.

ഇതെല്ലാം ശാസ്ത്രീയ അറിവുകളാണ്. മുൻപ് പറഞ്ഞ അതേ രീതികൾ അടിസ്ഥാനമാക്കിയാണ് ഈ നിഗമനങ്ങളിൽ നമ്മൾ എത്തിച്ചേർന്നത്. അതായത് ശാസ്ത്രം എന്നത് പാഠപുസ്തകങ്ങളിൽ മാത്രം ഉള്ള ഒന്നല്ല. ശാസ്ത്രീയത ഒരു ജീവിതരീതിയാക്കുവാൻ നമ്മൾ എല്ലാവരും ശ്രമിക്കണം. അതിനായി ശാസ്ത്രം അരച്ചുകലക്കി കുടിക്കുകയൊന്നും വേണ്ട (അതിനു കഴിവുള്ളവർ അതൊക്കെ ചെയ്തോളും). ശാസ്ത്രബോധം ഉണ്ടാകാൻ മുൻപ് പറഞ്ഞ കുറച്ചു കാര്യങ്ങൾ ഓർത്തിരിക്കുകയും അവ പ്രവർത്തിയിൽ കൊണ്ടുവരികയും ചെയ്‌താൽ മതി. ശാസ്ത്രജ്ഞന്മാർ പറയുന്നത് ഗൗരവമായി എടുക്കുക; അതോടൊപ്പം തന്നെ എന്തെങ്കിലും അശാസ്ത്രീയതയെ ചോദ്യം ചെയ്യുക.

പുതിയ വൈറസിനെപ്പറ്റി പഠിക്കാനും, അതിനെതിരെ മരുന്നും വാക്സിനും കണ്ടെത്താനും ശാസ്ത്രജ്ഞന്മാർ കഠിനമായി ശ്രമിക്കുകയാണ്. ശാസ്ത്രീയമാർഗമാണ് അതിനായി അവർ അവലംബിക്കുന്നത്. വാക്‌സിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാത്ത രോഗിക്കും ആ മരുന്ന് പ്രയോജനം ചെയ്യും. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്, ശാസ്ത്രബോധമുള്ള പൗരന്മാരായിരിക്കുക എന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് മുൻകരുതലുകൾ എടുക്കാം.

ശാസ്ത്രം പഠിക്കാൻ ഒരുപാട് പ്രായമായി എന്ന് തോന്നുന്നവർക്ക് അവരുടെ കുട്ടികളെ ശാസ്ത്രബോധമുള്ളവരാക്കി മാറ്റാൻ ശ്രമിക്കാം. ചോദ്യങ്ങൾ ചോദിക്കാൻ അവരെ പഠിപ്പിക്കുക. ഉത്തരം നൽകാൻ നിങ്ങൾക്കാകില്ലെങ്കിലും, ഉത്തരം കണ്ടെത്താൻ അവരോടാവശ്യപ്പെടണം. കുട്ടികളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകാൻ കഴിയുന്ന പുസ്തകങ്ങൾ നമുക്കുണ്ട്. വായനയാണ് തലച്ചോറിനുള്ള ഏറ്റവും നല്ല വ്യായാമം. അത് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ ചിന്തകളോ വിശ്വാസങ്ങളോ അവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. അവരുടെ മനസിനെ സ്വതന്ത്രമാക്കുക. ശരിയായരീതിയിൽ ശാസ്ത്രബോധം നേടിയ ഒരാൾ, മാനുഷിക മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്ന ഒരാളായിരിക്കും. ഇങ്ങനെ വളർന്നു വരുന്ന ഒരു തലമുറക്ക്, ഏതു പ്രതിസന്ധിഘട്ടങ്ങളെയും പക്വതയോടെ നേരിടാൻ കഴിയും.

പക്ഷെ എപ്പോഴും മനുഷ്യന് ജയിക്കാം എന്ന് കരുതരുത്; കാരണം നമുക്കറിയാത്തതായി എപ്പോഴും ഒന്ന് ഉണ്ടാകും എന്ന സത്യമാണ്. പക്ഷെ അതിനെയും അറിയുക എന്നതാവണം നമ്മുടെ ലക്ഷ്യം. അതിന് ശാസ്ത്രം നിങ്ങളെ സഹായിക്കും. ശാസ്ത്രം ജയിക്കുമ്പോൾ, മനുഷ്യൻ കൂടിയാണ് ജയിക്കുന്നത്. ഇപ്പോഴുള്ള പ്രതിസന്ധിയും മറ്റൊന്നല്ല. എല്ലാ മനുഷ്യരും COVID-19 കാരണം മരിക്കാൻ പോകുന്നില്ല. കുറെപേർ അത് അതിജീവിക്കും. ശാസ്ത്രം അവരിലൂടെ പുരോഗമിച്ചുകൊണ്ടേയിരിക്കും.

നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അഭിപ്രായചതുരത്തിൽ ഇടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.

The reCAPTCHA verification period has expired. Please reload the page.