Adoration and The Dilemma of Dissent

വ്യക്തി ആരാധനയെയും അഭിപ്രായഭിന്നതെയും കുറിച്ച് ചില ചിന്തകൾ
thomas-kinto-bJjRQqlKwmo-unsplash-1
Photo by Thomas Kinto

രു നടൻ, ഒരു പാട്ടുകാരൻ, ഒരു എഴുത്തുകാരി, ഒരു കായികതാരം.. നിങ്ങൾ ഇങ്ങനെ ആരുടെയെങ്കിലും കഴിവിലും ശൈലിയിലും വളരെ പെട്ടെന്ന് ആകൃഷ്ടനാകുന്നു. നിങ്ങൾ അവരെ വളരെയധികം ഇഷ്ടപ്പെടാൻ (adoration) തുടങ്ങുന്നു.

പക്ഷെ പെട്ടെന്ന് ഒരു ദിവസം, നിങ്ങൾ ഇഷ്ടപ്പെടുന്ന ആ വ്യക്തിയിൽ നിന്നും നിങ്ങൾക്ക് വ്യക്തിപരമായി യോജിക്കാനാവാത്ത ഒരു അഭിപ്രായം/പ്രവർത്തി ഉണ്ടാകുന്നു. ഇത് ചിലപ്പോൾ ഒരു രാക്ഷ്ട്രീയ നിലപാടാകാം, സാമൂഹിക കാഴ്ച്ചപ്പാടാകാം, അങ്ങനെ എന്തെങ്കിലും. എന്ത് തന്നെയായാലും അത് നിങ്ങളുടെ അഭിപ്രായത്തിൽ നിന്നും വ്യത്യസ്തമാണ് എന്ന് നിങ്ങൾ കാണുന്നു. “ഇനി ഇപ്പോൾ എന്ത് ചെയ്യും? ആരാധിച്ചതും ഇഷ്ടപ്പെട്ടതും ഒക്കെ വെറുതെ ആയല്ലോ!” എന്ന് നിങ്ങൾ ചിന്തിക്കുന്നു.

പക്ഷെ ഈ സമയം കൊണ്ട് തന്നെ നിങ്ങൾ അവരെ വെറുക്കാൻ തുടങ്ങിയിട്ടുണ്ടാകും. നിങ്ങൾ ആരാധിച്ചിരുന്നവരുടെ സൃഷ്ടികളും പ്രവർത്തികളും എത്ര മോശമായിരുന്നു എന്ന അഭിപ്രായത്തിലേക്ക് നിങ്ങൾ എത്തുന്നു. അവർ മോശമാണ് എന്ന് എല്ലാവരും കേൾക്കെ പറയില്ലെങ്കിലും, നല്ലതാണ് എന്ന് ഒരിക്കൽ കൂടി പറയാൻ നിങ്ങൾ മടി കാണിക്കും.

ഇതിന്റെ തീവ്രത, നിങ്ങൾ എത്രമാത്രം നിങ്ങളുടെ ആശയങ്ങളെ മുറുകെപ്പിടിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങൾ എത്രമാത്രം ശക്തമായി നിങ്ങളുടെ ആശയങ്ങളെയും അഭിപ്രായങ്ങളെയും മുറുകെപ്പിടിക്കുന്നുവോ, അത്രയും ശക്തമായി നിങ്ങൾ ഒരു വ്യത്യസ്ത അഭിപ്രായത്തെ എതിർക്കും. അതായത്, ആശയങ്ങളിലെ വ്യത്യസ്തത നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയാതെ വരുന്നു.

എന്തുകൊണ്ടാണ് ആശയഭിന്നത/അഭിപ്രായഭിന്നത വെറുപ്പിലേക്ക് നയിക്കുന്നത്?

വ്യത്യസ്ത ആശയങ്ങൾ ഉണ്ടായിരിക്കുകയും, അതിനോടൊപ്പം തന്നെ ഒരാളെ ആരാധിക്കാനും ഇഷ്ടപ്പെടാനും കഴിയില്ലേ? അടുത്തസമയത്തെ Mallu Analyst വിഡിയോയിൽ പറഞ്ഞപോലെ Glorification ആണ് ഒരു ഘടകം.

നമ്മൾ വളരെയധികം ഇഷ്ടപ്പെടുന്ന/ആരാധിക്കുന്ന ഒരാൾ, എല്ലാം തികഞ്ഞ ആൾ ആണെന്നും, അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും നമ്മുടേതിന് സമമാണെന്നും നമ്മൾ സ്വയം അങ്ങ് വിശ്വസിക്കുന്നു. നമ്മൾ കോൺഗ്രസ്‌ ആണെങ്കിൽ നമ്മൾ ആരാധിക്കുന്നവരും കോൺഗ്രസ്‌ ആകണം. നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ, അവരും അങ്ങനെ ആകണം. അങ്ങനെ അങ്ങനെ. അവർക്ക് നമ്മളിൽ നിന്നും ഒരു വ്യത്യസ്ത അഭിപ്രായം ഉണ്ടാവില്ലെന്നും, നമ്മൾ തെറ്റ് എന്ന് കരുതുന്ന തരത്തിലുള്ള ഒരു കാര്യവും അവർ ചെയ്യുകയില്ലെന്നും പറയുകയില്ലെന്നും നമ്മൾ ഉറച്ചു വിശ്വസിക്കുന്നു.

ഇതിലെല്ലാം ചേർച്ചയുള്ള ആൾ ആണ് നമ്മുടെ ആരാധനപുരുഷനെങ്കിൽ പിന്നെ പറയണ്ടാ.. ആരാധന ഗോസ് ടു നെക്സ്റ്റ് ലെവൽ. ഇനി അഥവാ അവർക്കു വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന് നമ്മൾ അറിഞ്ഞാൽ, പിന്നെ റോയ്സ്റ്റിങ്ങായി, പൊങ്കാലയയായി.. ആഹാ!

എല്ലാ കാര്യങ്ങളിലും നമുക്ക് ശാസ്ത്രീയത ഉപയോഗിക്കാൻ പറ്റില്ല (ഇത് മനുഷ്യന്റെ പരിമിതിയാണ്, ശാസ്ത്രത്തിന്റേതല്ല). അത്തരം കാര്യങ്ങളിൽ മനുഷ്യർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക എന്നതും, വിയോജിപ്പ് ഉണ്ടാവുക എന്നതും സ്വാഭാവികമാണ്. വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നത് സത്യത്തിൽ മനുഷ്യന്റെ സാമൂഹിക പരിണാമത്തിന്റെ ഒരു ഭാഗമാണ്.

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. സമൂഹമായി ജീവിക്കുമ്പോൾ മാത്രമാണ് മനുഷ്യൻ പുരോഗതിയിലേക്ക് നീങ്ങുന്നത്. സമൂഹമായി ജീവിക്കണമെങ്കിൽ, അതിലെ മനുഷ്യരുടെ ആശയങ്ങൾ ഏറെക്കുറെ ഒരുപോലെയായിരിക്കണം. അങ്ങനെ അല്ലെങ്കിൽ, അവിടെ നിരന്തരം സംഘർഷങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. സംഘർഷങ്ങൾ (Conflict), ഏതെങ്കിലും ഒരു പക്ഷത്തിന്റെ നാശത്തിലേക്കു നയിക്കാം. നിങ്ങൾ ശക്തമായ വശത്താണെങ്കിൽ, നിങ്ങൾ ജയിക്കും. അതല്ല, ദുർബലമായ വശത്താണെങ്കിൽ പരാജയപ്പെടും. ഇത്തരം സംഘർഷങ്ങളുടെ, നമുക്കറിയാവുന്ന ഏറ്റവും തീവ്രമായ രൂപമാണ് യുദ്ധം (War).

ഒരേ ആശയവുമായി, എല്ലാവരുമായും യോജിച്ച്, ഒരൊറ്റ സമൂഹമായി ജീവിക്കുമ്പോൾ ഒരു പ്രശ്നമുണ്ട്. ഏതെങ്കിലും ഒരു പ്രവാചനാതീതമായ കാര്യത്തിന് ആ സമൂഹത്തെ ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും. ഉദാഹരണത്തിന് നമ്മൾ ചരിത്രത്തിൽ പഠിച്ചിട്ടുള്ള Mesopotamia പോലെയുളള സംസ്കാരങ്ങൾ, വളരെയധികം സഹവർതിത്വവും പുരോഗതിയും കാണിച്ചിരുന്നവയാണ്.

എന്നാൽ ഇത്തരം സമൂഹങ്ങളുടെ നാശത്തിലേക്ക് നയിച്ചത്, വെള്ളപ്പൊക്കം, വരൾച്ച, കാലാവസ്ഥ വ്യതിയാനം, പകർച്ചവ്യാതി എന്നിങ്ങനെയുള്ള പ്രവാചനാതീതമായ കാരണങ്ങൾ കൊണ്ടാകാം എന്നാണ് ഗവേഷകർ പറയുന്നത്. അതായത് ഒരുമിച്ച് ജീവിച്ചത് അവരുടെ നാശത്തിലേക്ക് നയിക്കാൻ കാരണമായി എന്ന്.

പക്ഷെ ആ സമൂഹത്തിൽ നിന്നും വിയോജിച്ച്, വ്യത്യസ്തമായി മറ്റൊരിടത്തു ജീവിക്കാൻ തീരുമാനിക്കുന്ന ഒരാൾ, അല്ലെങ്കിൽ ഒരു കൂട്ടം പേർ, അത്തരം ദുരന്തങ്ങളെ അതിജീവിച്ചിരിക്കാം. അവരുടെ പിന്മുറക്കാരായിരിക്കാം നമ്മൾ എല്ലാവരും. അതായത് വ്യത്യസ്ത അഭിപ്രായം ഉണ്ടാവുകയും, വിയോജിപ്പ് ഉണ്ടാവുകയും ചെയ്യുക എന്നത്, വ്യത്യസ്തമായ സമൂഹങ്ങളുടെ രൂപപ്പെടലിനെ സഹായിക്കുകയും, മനുഷ്യന്റെ സാമൂഹിക പരിണാമം വേഗത്തിലാക്കുകയും, അതിജീവനവും ഉറപ്പാക്കുകയും ചെയ്യും. ആശയഭിന്നത വെറുപ്പിലേക്ക് നയിക്കുന്നതിനുള്ള ഒരു സ്വഭാവിക കാരണം (natural reason) അതായിരിക്കാം.

പക്ഷെ നമ്മൾ ഇന്ന് ഒരു ആധുനിക സമൂഹമാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മളെ ഇവിടെയെത്താൻ സഹായിച്ചു (ഇവ രണ്ടിലേക്കുമുള്ള ഭൂരിഭാഗം മനുഷ്യരുടെയും സംഭാവനകൾ തുലോം തുച്ഛമാണെങ്കിലും). ആശയഭിന്നത വെറുപ്പിലേക്കും സംഘർഷത്തിലേക്കും നയിക്കാതിരിക്കാൻ നമുക്ക് വിവേകം ഉപയോഗിക്കാം.

നമ്മുടേതിൽ നിന്നും വ്യത്യസ്തമായ ഒരു ആശയം അല്ലെങ്കിൽ അഭിപ്രായം മറ്റൊരാൾക്ക്‌ ഉണ്ടാകാമെന്നും, അതിന് അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും അംഗീകരിക്കുന്നതിലൂടെയാണത്. അവർക്കുള്ള സ്വാതന്ത്ര്യം തന്നെ നമുക്കുമുണ്ട്. ഇങ്ങനെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുമ്പോൾ, അത് മാറ്റാരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല എന്നും ഉറപ്പാക്കണം. ആരും സമ്പൂർണരല്ലെന്നും, തെറ്റുപറ്റാത്തവരായി ആരും ഇല്ലെന്നും (lol) ചിന്തിക്കുന്നതിലൂടെയാണത്.

അഭിപ്രായഭിന്നത സ്വഭാവികമാണെന്നും നല്ലതാകാമെന്നും പറന്നു. പക്ഷെ അത് ഉണ്ടാകാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്; ശാസ്ത്രം. യുക്തിയിലൂടെ നിഗമനങ്ങളിൽ എത്തുക എന്നതാണ് ശാസ്ത്രത്തിന്റെ ഏറ്റവും ലളിതമായ രീതി. ഒരേ കാര്യത്തെപ്പറ്റി യുക്തിസഹമായി ചിന്തിക്കുന്നവർ ഒരേ അഭിപ്രായങ്ങളിൽ എത്തും.

എന്നാൽ അങ്ങനെ അല്ലാത്തവർ, അവർക്കിഷ്ടമുള്ള, അവർക്ക് സ്വയം ശരി എന്ന് തോന്നുന്ന രീതിയിൽ അഭിപ്രായങ്ങൾ പറയും. മറ്റുള്ളവർക്ക് അതേ അഭിപ്രായം തന്നെയാണോ എന്നതും, മറ്റെന്തെല്ലാം വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെന്നതും അവർക്ക് ഒരു പ്രശ്നമേ അല്ല. അവർ സ്വയം ശരിയാണ്, അത് മാത്രമാണ് അവർക്കാവശ്യം. സ്വന്തം ശരികളെ ന്യായീകരിക്കാൻ അവർ ഏതറ്റംവരെയും പോകാം. ഇത്തരത്തിൽ സ്വന്തം ശരികൾ വെച്ചുപുലർത്തുന്നവർ തികച്ചും ബുദ്ധിശൂന്യരാണ്. ശാസ്ത്രീയതയും, യുക്തിയും വഴങ്ങാത്ത കാര്യങ്ങളായി അവർക്ക് അനുഭവപ്പെടും. അത്തരം ആളുകളോട് യുക്തിഭദ്രമായ രീതിയിൽ സംവദിക്കാൻ കഴിയില്ല.

പക്ഷെ എല്ലാവരും ഒരേ പോലെ ബുദ്ധിയുള്ളവരായിരിക്കണം എന്നും, ബുദ്ധിയുള്ളവർക്ക് മാത്രമേ അഭിപ്രായം പറയാൻ പറ്റൂ എന്നൊന്നും ആർക്കും പറയാൻ അവകാശമില്ല. അഭിപ്രായങ്ങൾ പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അഭിപ്രായങ്ങൾ എത്രമാത്രം യുക്തിഭദ്രവും ശാസ്ത്രീയവുമാണോ, അത്രയും പുരോഗമിച്ചതായിരിക്കും ആ സമൂഹം.

ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ യുക്തിക്കും ശാസ്ത്രീയതക്കും ഏറ്റവും കുറഞ്ഞ പ്രാധാന്യം ആണുള്ളത്. മതം, ജാതി, അന്ധവിശ്വാസങ്ങൾ, [കക്ഷി] രാക്ഷ്ട്രീയം – ഈ നാല് കാര്യങ്ങൾക്കാണ് ഇന്ത്യൻ സമൂഹത്തിൽ ഏറ്റവും സ്വാധീനമുള്ളത്. നമ്മുടെ രാജ്യത്തിന്റെ സാമൂഹികപരവും ശാസ്ത്രീയമായ വളർച്ചയും, മൊത്തം ജനസംഖ്യ എടുക്കുമ്പോൾ വളരെ കുറച്ച് പേരുടെ പരിശ്രമങ്ങൾ കൊണ്ടാണ് എന്ന് കാണാം. അവരോട് നമ്മൾ കടപ്പെട്ടിരിക്കുന്നു.

മതവും, ജാതീയതയും, വർഗീയവാദവും, ആശാസ്ത്രീയതയും കൊടികുത്തി വാഴുന്ന ഒരിടത്താണ് ജീവിക്കുന്നത് എന്നെ വ്യക്തിപരമായി ആസ്വസ്ഥനാക്കുന്ന ഒരു കാര്യമാണ്.

പക്ഷെ മാറ്റം എപ്പോഴും സാധ്യമാണെന്നും, അതിനായി പ്രയത്നിച്ചാൽ അതുണ്ടാകുമെന്നതും ശുഭാപ്തിവിശ്വാസം നൽകുന്നു.

ഇതൊക്കെ വായിച്ചിട്ട് ഞാൻ എന്തോ പുണ്യാളനാണെന്നോ “നെന്മമരം” ആണെന്നോ കരുതരുത്.

That’s the whole point of this. I have done things that are wrong. I may be doing things that are wrong, and I will inevitably do things in the future that are wrong. I am human being. I am bound to make mistakes. So do everyone else. It’s only a matter of whether you would accept it or not.

Always appreciate someone for the amount of effort they have made. No more, no less.

2 Comments

Leave a Reply to ManuCancel Reply

Your email address will not be published. Required fields are marked *

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.

The reCAPTCHA verification period has expired. Please reload the page.