ജയിക്കാനാവാത്ത യുദ്ധം

A war that can not be won.

ലോകത്തിലെ ഏറ്റവും വലിയ സൈനിക, സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ ശക്തികളിൽ ഒന്നായ റഷ്യ, തങ്ങളുടെ അയൽ രാജ്യമായ ഉക്രൈനെ ഒരു പ്രകോപനവും കൂടാതെ ആക്രമിക്കുകയും, അത് ചോദ്യം ചെയ്യുന്ന എല്ലാ ലോകരാജ്യങ്ങൾക്കെതിരെയും ആണവഭീഷണി മുഴക്കുന്നതും, WW2 ന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ്. ഏറ്റവും നിരുത്തരവാദപരമായ കാര്യമാണ് റഷ്യ ചെയ്യുന്നത്.

രണ്ടാം ലോക മഹായുദ്ധം ഉണ്ടായ സമയത്തെ ലോക സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് 21-ആം നൂറ്റാണ്ട്.

ആണവായുധം നിർമിക്കാൻ ഉള്ള ശേഷിയും കഴിവും നാസീ ജർമനിക്ക് അന്ന് ഉണ്ടായിരുന്നു. പക്ഷെ അവക്ക് ആണവായുധം നിർമിക്കാൻ കഴിയുന്നതിനു മുൻപ് തന്നെ, മറ്റ് ലോക രാജ്യങ്ങൾ ഒറ്റക്കെട്ടായി നാസീ ജർമനിയെ പരാജയപ്പെടുത്തി. ആ പങ്കാളിത്തത്തിൽ അമേരിക്കയും, റഷ്യയും, യൂറോപ്യൻ രാജ്യങ്ങളും ഉണ്ടായിരുന്നു. നാസി ജർമനിയെ പരാജയപ്പെടുത്താൻ നമുക്ക് കഴിഞ്ഞില്ലായിരുന്നുവെങ്കിൽ, ഇത് ടൈപ്പ് ചെയ്യാൻ ഞാനോ, വായിക്കാൻ നിങ്ങളോ ഉണ്ടാകുമായിരുന്നില്ല.

1945 ൽ ജപ്പാനിൽ ആണവായുധം പ്രയോഗിക്കുമ്പോൾ, തങ്ങളെ തടയാൻ ആർക്കും കഴിയില്ല എന്ന വിശ്വാസം അമേരിക്കക്കുണ്ടായിരുന്നു. നിരുപാധികം കീഴടങ്ങുകയല്ലാതെ ജപ്പാന് മറ്റ് നിവൃത്തികൾ ഇല്ലായിരുന്നു. എന്നാൽ ഇന്ന് ലോകത്തിലെ എല്ലാ വൻ ശക്തികൾക്കും ആണവായുധങ്ങൾ ഉണ്ട്. ഭൂമിയെ പല തവണ അഗ്നിഗോളമാക്കാൻ കഴിയുന്നത്ര എണ്ണം. ഇനി ഒരു ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ആണവ യുദ്ധത്തിൽ കലാശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അല്പം ശാസ്ത്രീയ അറിവും, ലോകവിവരവുമുള്ള ഏതൊരാൾക്കും അറിയാവുന്ന കാര്യമാണത്. പക്ഷെ അറിയാത്തത് ആണവായുധത്തിന്റെ ഭീകരതയാണ്.

ആണവ യുദ്ധം ഉണ്ടായാൽ ജയിക്കുന്നത് പ്രകൃതി മാത്രം ആയിരിക്കും; എല്ലാ മനുഷ്യരും തോൽക്കുകയും, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് മനുഷ്യരാശി തുടച്ചു നീക്കപ്പെടുകയും ചെയ്യും (Mutually Assured Destruction).

ആണവയുദ്ധം നമുക്ക് ജയിക്കാൻ കഴിയില്ല.

മനസിന്‌ ഭ്രാന്ത്‌ പിടിച്ച രാഷ്ട്രീയക്കാരും ഭരണാധികാരികളും ആയിരിക്കും ലോകത്തിനെ ആണവ യുദ്ധത്തിൽ എത്തിക്കുന്നത്. ഭരണാധികാരികളുടെ അത്തരം അവിവേകങ്ങൾക്ക് ലോകത്തിനെ തന്നെ അവർ വിലകൊടുക്കും. നാസി ജർമനിയിൽ ഹിറ്റ്ലർ ചെയ്തത് അതാണ്‌. ഇന്ന് നാസി ജർമനിയുടെ സ്ഥാനത്ത് റഷ്യയും, ഹിറ്റ്ലർന്റെ സ്ഥാനത്ത് പുതിനും ആണ്.

അധികാരണത്തിന്റെയും അതിനിവേശത്തിന്റെയും ഭ്രാന്ത് പിടിച്ചിരിക്കുന്നു അയാൾക്ക്. ഉക്രൈൻ അധിനിവേശത്തിൽ റഷ്യയെ പിന്തുണക്കുന്നവർ പുതിന്റെ ഭ്രാന്തിനെ ആണ് പിന്തുണക്കുന്നത്.

ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് അതിൽ ഭയം തോന്നുന്നു.

ഓരോത്തരുടെയും രാഷ്ട്രീയ ആശയങ്ങളും സ്വാർത്ഥ താല്പര്യങ്ങളും അവരവർ മുറുകെ പിടിക്കുമ്പോൾ, സമാധാനപരമായ ലോകം എന്ന ആശയം എല്ലാവരും മറക്കുന്നു.

“ഞാൻ കമ്മ്യൂണിസ്റ്റ്‌ ആണ്, ഞാൻ റഷ്യയെ പിന്തുണക്കുന്നു”

“ഞാൻ കമ്മ്യൂണിസ്റ്റ്‌ അല്ല, ഞാൻ അമേരിക്കയെ പിന്തുണക്കുന്നു”

അവർ ഓരോരുത്തരും പറയുന്നു.

മനുഷ്യനെ പിന്തുണക്കാൻ മാത്രം ആരുമില്ല. സ്വന്തം ആശയവും, രാഷ്ട്രീയവും മാത്രമാണ് എല്ലാവർക്കും വലുത്. തലക്ക് ഭ്രാന്ത് പിടിച്ച ഭരണാധികാരികൾക്ക് പിന്തുണ കൊടുക്കുന്നത് സമൂഹത്തിലെ ഇത്തരം ആളുകളാണ്‌.

മനുഷ്യൻ എന്ന നിലയിൽ നിങ്ങളുടെ സ്വാതന്ത്ര്യം വിനിയോഗിക്കാനും, സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും, മറ്റുള്ളവരെയും അതിന് സഹായിക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെകിൽ, ആണവയുദ്ധത്തിൽ ലോകം എത്തുന്നത് ഏത് വിധേനയും നിങ്ങൾ തടയണം. ഏറ്റവും കുറഞ്ഞത് അതിനെതിരെ പ്രതികരിക്കാനെങ്കിലും നിങ്ങളുടെ ശബ്ദവും ബുദ്ധിയും ഉപയോഗിക്കണം. മനുഷ്യൻ ഉണ്ടെങ്കിലേ സ്വപ്നങ്ങളുള്ളൂ, ആശയങ്ങളുള്ളൂ, സമൂഹങ്ങളുള്ളൂ, രാജ്യങ്ങളുള്ളൂ.

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും ആണവയുദ്ധത്തിനും എതിരെ പ്രതികരിക്കുന്നതിന് രാഷ്ട്രീയമോ, മതമോ, ദേശീയതയോ, സ്വാർത്ഥതയോ നിങ്ങളെ സ്വാധീനിക്കരുത്. അതിൽ പരാജയെപ്പെട്ടാൽ മനുഷ്യരാശി ഭൂമിയിൽ നിന്ന് തുടച്ചു നീക്കപ്പെടും.

മനുഷ്യരാശിയുടെ വിനാശം കാണാൻ വെമ്പൽ കൊള്ളുന്നവരും, അതിലേക്ക് വഴി വെക്കുന്ന എല്ലാ കാര്യങ്ങളും ആഘോഷിക്കുകയും ചെയ്യുന്ന വിഡ്ഢികളായ ചാവേറുകൾ നമുക്കെല്ലാവർക്കും ഇടയിൽ ഉണ്ട്. അവരെ തിരിച്ചറിയണം. അവരെ ജയിക്കാൻ അനുവദിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.

The reCAPTCHA verification period has expired. Please reload the page.