സമൂഹത്തിന്റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തും വിധം ജീവിക്കാൻ നിർബന്ധിതരാകുന്ന മനുഷ്യരുടെ കഥയായാണ് JOJI എനിക്ക് തോന്നിയത്. സമൂഹം എങ്ങനെ മനുഷ്യരെ മാറ്റിയെടുക്കുന്നു എന്ന് കാണിക്കുന്നത്. ഓരോ നാട്ടിലെയും സമൂഹങ്ങൾ വ്യത്യസ്തമാണ്. നമ്മുടെ സമൂഹത്തിനുള്ള ഒരു പ്രേത്യേകതയാണ് “വല്ലവന്റെയും കാര്യത്തിൽ തലയിടുക” (being overly inquisitive) എന്നത്, ഒരു കാര്യവുമില്ലെങ്കിലും. ഇത് മനുഷ്യരുടെ സഹജ സ്വഭാവമാണെങ്കിലും, വികസിത രാജ്യങ്ങളിൽ ഇത് അപൂർവമാണ് (moving with the trend ആണ് അവിടത്തെ പ്രശ്നം).
സിംബോളിസം (Symbolism) നന്നായി പ്രയോഗിക്കുന്ന ആളാണ് ഡയറക്ടർ Dileesh Pothan. സമൂഹത്തെ ഒരു വ്യക്തിയായാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇത് ആദ്യമായിട്ടല്ല അദ്ദേഹം അങ്ങനെ ചെയ്യുന്നത്. “മഹേഷിന്റെ പ്രതികാരം” സിനിമയിൽ പ്രകാശ് എന്ന ടൗൺ ഒരു വ്യക്തിയാണ്. മഹേഷിനെ നിരന്തരം നിരീക്ഷിക്കുന്ന ഒരു സാങ്കല്പിക വ്യക്തി. ജോജിയിലും അത് പൊതുവായി കാണാം. എല്ലാം തികഞ്ഞ, സൽഗുണ സമ്പന്മാരായ കാഥാപാത്രങ്ങളല്ല ഈ സിനിമയിൽ ഉള്ളത്. പൂർണമായും ശരിയും, പൂർണമായും തെറ്റും ആയ ആരും അതിലില്ല.
രണ്ടുതരത്തിലാണ് മനുഷ്യർ ചുറ്റുപാടുകളോട് പ്രതികരിക്കുന്നത് – വികാരപരമായും (Emotion driven) ബുദ്ധിപരമായും (Knowledge driven). ഇതിൽ ഒന്നിന് മറ്റൊന്നിനെ നിഷ്ഫലമാക്കാനുള്ള (override) കഴിവുണ്ട്. ഓരോ വ്യക്തിയും വളരുന്ന സാഹചര്യങ്ങൾ അനുസരിച്ച് ഇതിൽ ഓരോന്നിനും ഒരാളിൽ ഉള്ള സ്വാധീനം വ്യത്യാസപ്പെടും. തെറ്റും ശരിയും എന്താണെന്ന് ഓരോ വ്യക്തിയും തീരുമാനിക്കുന്നത് ഇതിന്റെ രണ്ടിന്റെയും സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ്.
ജോജിയിലെ കഥാപാത്രങ്ങൾ highly emotion driven ആണ്. ജോജിയും, ജോജിയുടെ അച്ഛനും, സഹോദരങ്ങളും എല്ലാവരും. ഷമ്മി തിലകന്റെ കഥാപാത്രം മാത്രമാണ് അങ്ങനെ അല്ലാത്തത്. അത് ഒരു റഫറൻസ് കഥാപാത്രം ആണ്.
വികാരങ്ങൾ ബുദ്ധിയെ മറികടക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുന്ന ആളായും ജോജി മാറുന്നു. അത്തരത്തിൽ ഏതറ്റം വരെ പോകാൻ അയാൾക്ക് കഴിയുന്നു എന്ന് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. സമൂഹത്തെ പൂർണമായും തെറ്റായും ദിലീഷ് ചിത്രീകരിക്കുന്നില്ല. ഊഹാപോഹങ്ങൾ എങ്ങനെ സത്യത്തിലേക്ക് നയിക്കാം എന്ന് അതിൽ കാണിച്ചിട്ടുണ്ട്.
എല്ലാം കൊണ്ടും [#മൈര്] തികഞ്ഞ ഒരു ദിലീഷ് പോത്തൻ സിനിമ 👌 Fahadh Faasil എന്ന നടനെ സമർത്ഥമായി സംവിധായകൻ ഉപയോഗിച്ചിരിക്കുന്നു. അസ്ഥാനതൊക്കെ എടുത്തു പ്രയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതം മാത്രമാണ് അല്പം അരോചകമായി തോന്നിയത്.
The Great Indian Kitchen ന്റെ ചെറിയ സ്വാധീനമോ, അല്പം സ്ത്രീ ശാക്തീകരണമോ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു.
ഒരു ചെറിയെ സ്പോയ്ലർ : അടുത്ത് ഉപയോഗിച്ചാൽ അപകടകരമായ എയർ പിസ്റ്റൾ പോപ്പി എന്തിനു വാങ്ങി ?