The Great Indian Kitchen – മഹത്തായ ഭാരതീയ അടുക്കള : സ്ത്രീകളെ ആകമാനം രക്ഷിച്ച സിനിമ.
അങ്ങനെയാണ് ആദ്യപകുതിയിൽ തോന്നിയത്. പക്ഷെ അങ്ങനെ അല്ല എന്ന് പിന്നീട് മനസിലായി. കാരണം അങ്ങനെയേ പറ്റൂ. വളരെ ചുരുങ്ങിയ സമയം കൊണ്ട്, മനസ്സിൽ കോർത്തിണക്കാനും മനസിനെ ചിന്തിപ്പിക്കാനും കഴിയുന്ന കുറച്ച് ചലന ചിത്രങ്ങളുടെ സംയോജനമാണ് സിനിമ. അതിൽ ലോകത്തുള്ള എല്ലാ കാര്യങ്ങളെയും പറ്റി പറയാൻ ഒന്നും പറ്റില്ല. അത് സിനിമയുടെ വലിയ പോരായ്മയാണ്. പക്ഷെ അതിനെപ്പറ്റിയല്ല ഇവിടെ പറയുന്നത്.
സിനിമ സൃഷ്ടിച്ച ആൾ, സംവിധായകൻ എന്താണ് ഉദ്ദേശിച്ചത് എന്നതിനാണ് പ്രാധാന്യം. സിനിമ സംവിധായകന്റെ കലയാണ്. അത് ഇഷ്ടമുള്ളതുപോലെ സൃഷ്ടിക്കാൻ അയാൾക്ക് സ്വാതന്ത്ര്യം ഉണ്ട്.
Jeo Baby TGIK ലൂടെ ഉദ്ദേശിച്ചത് “കരണത്തടി” ആണ്. പുരുഷന്മാരുടെ മാത്രമല്ല, സ്ത്രീകളുടെയും. ഈ രണ്ടു കൂട്ടരും ചേരുമ്പോൾ സമൂഹത്തിന്റെയും. സമൂഹം എന്ന നിലയിൽ നമ്മൾ തലയിൽ ചുമന്നു കൊണ്ട് നടക്കുന്ന ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും അറിവില്ലായ്മയുടെയും മുഖത്തുള്ള അടി.
Thanks Science എന്ന് പറഞ്ഞു തുടങ്ങുന്നത് അത് കൊണ്ടാകാം. യുക്തിയെ മുന്നിൽ നിർത്തിയിട്ടാണ് ജിയോ ബേബി വീക്ക് തുടങ്ങുന്നത്. യുക്തി പിഴക്കില്ല എന്ന സത്യം മനസിലാക്കിയ ആൾ.
സിനിമ കണ്ടാൽ, അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നത് യുക്തിയുള്ളവർക്ക് വളരെ വേഗം മനസിലാകും. കാരണം നമ്മളിൽ പലരും ജീവിതത്തിൽ പലപ്പോഴും ചിന്തിച്ചിട്ടുള്ള, ചോദിച്ചിട്ടുള്ള – പക്ഷെ ഉത്തരം കിട്ടാനോ അല്ലെങ്കിൽ തിരുത്താനോ കഴിയാത്ത കാര്യങ്ങൾ എല്ലാം ജിയോ ഒരു സിനിമയിൽ ചിത്രീകരിക്കുന്നു. സ്ത്രീവിരുദ്ധതക്കപ്പുറം, നമ്മുടെ സംസ്‌കാരത്തിന്റെ അയുക്തിയും പുരോഗനമില്ലായ്മയും ആണ് സിനിമയിൽ പ്രതിപാതിക്കുന്ന പ്രധാന വിഷയങ്ങൾ. അത് നടപ്പാക്കുന്നതിലും സംരക്ഷിക്കുന്നതിലും സ്ത്രീയും പുരുഷനും ഒരുപോലെ ഉൾപ്പെടുന്നെന്ന് ജിയോ കാണിക്കുന്നു. സ്ത്രീ എന്നത് ജിയോ അതിനായി തെരഞ്ഞെടുത്ത ഒരു ഉപകരണം മാത്രമാണ്.
യുക്തിയിലൂടെ സ്വതന്ത്രചിന്തയും അറിവും സമത്വവും സംയമനവും സമാധാനവും ഉണ്ടാകും. എന്നാൽ പ്രകൃതി ഇതിനൊന്നും നിങ്ങളെ നിർബന്ധിക്കുന്നില്ല. അക്കാര്യം എല്ലായിടത്തും കാണിക്കുന്നുണ്ട്. ഫോർപ്ലേ വേണം എന്നുള്ള സ്ത്രീയുടെ ആവശ്യം ഒരു പുരുഷൻ നിരാകരിക്കുന്നു. സ്ത്രീയാണെന്ന് കരുതി എച്ചിൽ അഴുകാതിരിക്കുന്നില്ല, പാത്രം കഴുകിയ വെള്ളം നാറാതിരിക്കുന്നില്ല. അത് പുരുഷൻ ചെയ്താലും അങ്ങനെ തന്നെയായിരിക്കും. സിനിമയിലെ സ്ത്രീകഥാപാത്രം ഭക്ഷണം കഴിക്കുമ്പോൾ എച്ചിൽ ഉണ്ടാകില്ലേ? അതെവിടെപോകുന്നു എന്ന് പ്രേത്യേകം കാണിക്കുന്നുണ്ടോ? ഇല്ല. “ഈയ്യേ..” എന്ന് തന്നെയാണ് അവർ പറയുന്നത്.
അതിന് കാരണമുണ്ട്. കഥ പറയാൻ ഉപയോഗിക്കുന്ന ഉപകരണത്തെ; കേന്ദ്രകഥാപാത്രത്തെ സംരക്ഷിക്കേണ്ട ചുമതല സംവിധായകനുണ്ട്. അത് സ്ത്രീയായതുകൊണ്ട് പലകാര്യങ്ങളും അവിടെ മറച്ചു വെക്കേണ്ടി വരും. സ്വാഭാവികം.
ചെയ്തത് ശരിയാണെന്നറിഞ്ഞിട്ടും, സോറി പറയുന്ന നിമിഷയുടെ കഥാപാത്രം, പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ വിവരം ഉണ്ടായിട്ടും, സ്വന്തം ഭർത്താവിനെയോ മകനെയോ തിരുത്താൻ കഴിയാത്ത, വിദേയത്വത്തിൽ ജീവിക്കുന്ന സുരാജിന്റെ അമ്മ, അന്ധവിശ്വാസങ്ങളുമായി പൊരുത്തപ്പെടാൻ ആവശ്യപ്പെടുന്ന നിമിഷയുടെ അമ്മ, സ്ത്രീയുടെമേൽ മാറ്റാരെക്കാളും ശക്തമായി സ്ത്രീവിരുദ്ധത അടിച്ചേൽപ്പിക്കുന്ന മറ്റൊരു സ്ത്രീ – അങ്ങനെ സ്ത്രീകൾക്ക് ആവശ്യത്തിന് കരണത്തടി കിട്ടുന്നുണ്ട് സിനിമയിൽ.
പുരുഷന്മാർക്ക് കിട്ടുന്ന അടിക്ക് കയ്യും കണക്കും ഇല്ല. എനിക്കും കിട്ടി. പക്ഷെ കരണത്തടിക്കാൻ മാത്രമല്ല ജിയോക്ക് അറിയാവുന്നത്. ജോലിക്ക് വരുന്ന സ്ത്രീയും, ഭാര്യക്ക് കാപ്പിയുമായി വരുന്ന ഭർത്താവും, ചേച്ചിയെ കാണാൻ അകത്തേക്ക് വരുന്ന പെൺകുട്ടിയുമെല്ലാം ജിയോ കാണുന്നതും ഇഷ്ടപ്പെടുന്നതുമായ നന്മകളും മാറ്റങ്ങളും ആണ്.
എന്ത് മണ്ടത്തരമാണെങ്കിലും ആരെങ്കിലും കുറേ നാൾ തുടർച്ചയായി ചെയ്‌താൽ അത് ആചാരമാകും, അത് പിന്നെ സംസ്കാരം ആകും. സമൂഹം സൃഷ്ടിക്കുന്ന എച്ചിലുകൾ. ഈശ്വരനെ മനസിലാക്കാത്ത മരയൂളകൾ അതിന് ഈശ്വരന്റെ പേരും ചാർത്തിക്കൊടുക്കുന്നു.
അറിവിന്റെ ശക്തി വിരൽത്തുമ്പിലുള്ള ആധുനിക തലമുറ, അത്തരം എച്ചിലുകൾ കൊണ്ടുനടക്കരുതെന്ന് ജിയോ ആവശ്യപ്പെടുന്നു. പീരീഡ്സും, പാഡും, സെക്സും, ഫോർപ്ലേയും എല്ലാം അവിടെ തുറന്നു വെച്ചിരിക്കുന്നത് നിങ്ങൾക്ക് അതറിയുവാനാണ്.
മാറ്റം അനിവാര്യമാണ്. അത് നിങ്ങളിൽ നിന്ന് തന്നെ തുടങ്ങാൻ ഈ സിനിമ നിങ്ങളെ സഹായിക്കും. ജിയോ, നിങ്ങൾ നിങ്ങളുടെ കർത്തവ്യത്തിൽ വിജയിച്ചിരിക്കുന്നു. എച്ചിലുകൾ അഴുകിയില്ലാതാകട്ടെ.