Terms of Service (ToS) ഉം Privacy Policy ഉം വായിച്ച് നോക്കാതെ എന്ത് ഇന്റർനെറ്റ് സേവനങ്ങളും ഉപയോഗിക്കുന്ന എല്ലാവർക്കും നമസ്കാരം 🙏
WhatsApp ന്റെ ഏറ്റവും പുതിയ Privacy Policy യെപ്പറ്റി ആശങ്കയുണ്ടോ? ചക്കയേതാ മാങ്ങായെതാ എന്നറിയാത്ത മാധ്യമങ്ങൾ, സ്വയം പ്രഖ്യാപിത “ടെക് വിദഗ്ധർ”, സോഷ്യൽ മീഡിയ ചാനലുകൾ, പ്രൈവസി തലക്കു പിടിച്ചവർ ഒക്കെ പറയുന്നത് കേട്ട് കൺഫ്യൂഷൻ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുവാണോ? എന്ത് ചെയ്യണം എന്ന് ആലോചിക്കുകയാണോ? WhatsApp ഡിലീറ്റ് ചെയ്യണോ?എങ്കിൽ ആശങ്കപ്പെടാൻ തക്ക ഒന്നും ഇല്ല എന്ന് മനസിലാക്കിക്കോളൂ.
WhatsApp ലൂടെ നിങ്ങൾ അയക്കുന്ന എല്ലാ വിവരങ്ങളും End-to-End Encrypted (E2EE) ആണ്. അതായത് വിവരങ്ങൾ നിങ്ങൾക്കും, നിങ്ങൾ അയക്കുന്ന വ്യക്തികൾക്കും മാത്രമേ വായിക്കാൻ കഴിയൂ. നിങ്ങൾ ടൈപ്പ് ചെയ്യുന്ന മെസ്സേജസ് പ്രേത്യേക കോഡ് രൂപത്തിലാക്കിയാണ് ഇത് സാധിക്കുന്നത്. ഇതിൽ ടെക്സ്റ്റ് മെസ്സേജ്, ഇമേജസ്, വീഡിയോസ് എല്ലാം ഉൾപെടും. WhatsApp നോ Facebook നോ ഇവ കാണുവാനോ വായിക്കുവാനോ കഴിയില്ല.
WhatsApp ഇപ്പോൾ Facebook എന്ന കമ്പനിയുടെ ഉടമസ്ഥതയിൽ ആണ്. Instagram ഉം Messenger ഉം അവരുടേതാണ്. ഇപ്പറഞ്ഞ എല്ലാ സർവീസുകളും പരസ്പരം ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതിനുള്ള നിയമപരമായ മാറ്റങ്ങളാണ് WhatsApp ന്റെ ഏറ്റവും പുതിയ Privacy Update ൽ ഉള്ളത്.
അല്ലാതെ Facebook ന് നിങ്ങളുടെ പേർസണൽ ഡാറ്റാ ചോർത്താൻ ഉള്ളതല്ല. നിങ്ങൾ Facebook, Messenger and Instagram ൽ ഷെയർ ചെയ്യുന്ന എല്ലാ ഡാറ്റയും Facebook ന്റെ തന്നെ കമ്പ്യൂട്ടറിൽ (സെർവർ) ആണ് സൂക്ഷിക്കുന്നത്. നിങ്ങൾക്ക് മാത്രം ആണ് ആ വിവരങ്ങളുടെ അവകാശം. Facebook ന് വിവരങ്ങൾ സൂക്ഷിക്കാനും മറ്റ് സർവീസുകളുമായി കൈമാറാനും ഉള്ള അധികാരം നിങ്ങൾ എല്ലാവരും ToS ലൂടെ (വായിക്കാതെ തന്നെ) കൊടുക്കുന്നുണ്ട്. അത് ആവശ്യമാണ്. അല്ലെങ്കിൽ നിങ്ങൾക്ക് Facebook ഉപയോഗിക്കാൻ കഴിയില്ല. WhatsApp ന്റെ കാര്യത്തിൽ, മെസ്സേജുകൾ അവ ഡെലിവർ ചെയ്യുന്നത് വരെ മാത്രം ആണ് അവരുടെ സെർവറിൽ സൂക്ഷിക്കുക (എൻക്രിപ്റ്റഡ് ആയി).
നിങ്ങൾ Facebook, Instagram, Messenger എന്നിവ നിലവിൽ ഉപയോഗിക്കുന്ന ആളാണെങ്കിൽ, WhatsApp ന്റെ പുതിയ അപ്ഡേറ്റിനെ കുറിച്ച് ഒട്ടും ആശങ്കപെണ്ടേണ്ടതില്ല. നിങ്ങൾ നിലവിൽ നൽകുന്ന എല്ലാ വിവരങ്ങളും മാത്രമേ ഇനിയും അവർക്ക് ഉപയോഗിക്കാൻ പറ്റൂ. നിങ്ങളുടെ പേർസണൽ ഡാറ്റാ ആർക്കും കാണുവാനോ, വായിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ, വിൽക്കുവാനോ കഴിയില്ല.അത് ഉറപ്പ് വരുത്തുന്ന ശക്തമായ നിയമങ്ങൾ ഉള്ള രാജ്യങ്ങളിലാണ് ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നത്.
എന്നാൽ ചില വിവരങ്ങൾ നിയമപരമായി തന്നെ ഇത്തരം കമ്പനികൾ ഉപയോഗിക്കുന്നുണ്ട്. എന്താണവ?
അതിന് മുൻപ് എന്തിനാണ് അത്തരം വിവരങ്ങൾ എന്ന് നോക്കാം. എല്ലാ ബിസിനസ്സുകളും ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ബിസിനസുകൾ വളരുന്നതും, കൂടുതൽ ഉത്പന്നങ്ങളും സേവങ്ങളും ലാഭം ഉണ്ടാക്കുന്നതിലൂടെയാണ് മെച്ചപ്പെടുത്താൻ കഴിയുന്നത്. നിങ്ങൾ ഇന്നുപയോഗിക്കുന്ന എല്ലാ സേവനങ്ങളും, ഉത്പന്നങ്ങലും, സുഖസൗകര്യങ്ങളും അങ്ങനെ ഉണ്ടായതാണ്.
അതിന് വേണ്ടി നിങ്ങൾ പണം മുടക്കുന്നു. എന്നാൽ മുൻപ് പറഞ്ഞ എല്ലാ സേവനങ്ങളും – Facebook, Messenger, Instagram, WhatsApp എന്നിവ സൗജന്യമായാണ് നിങ്ങൾ ഉപയോഗിക്കുന്നത്. നിങ്ങൾ പണം മുടക്കുന്നില്ലെങ്കിൽ എങ്ങനെയാണ് അത്തരം ബിസിനസുകൾ ലാഭം ഉണ്ടാക്കുന്നത്?
അതിനുത്തരം പരസ്യങ്ങൾ ആണ്. നിങ്ങൾ ഒരു ഉപഭോക്താവാണ്. ഒരോ തവണയും പരസ്യങ്ങൾ കണ്ടാണ് നിങ്ങൾ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നത്. ഒരോ ബിസിനസ്സുകളും അവരുടെ ഉത്പന്നങ്ങൾ, ഉപഭോക്താവിലേക്ക് എത്തിക്കുന്നതിനാണ് പരസ്യങ്ങൾ ഉപയോഗിക്കുന്നത്. പരസ്യങ്ങൾ ഇല്ലെങ്കിൽ പുതിയ ഉത്പന്നങ്ങളെപ്പറ്റി നിങ്ങളാരും അറിയില്ല. പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്ന ബിസിനസുകൾക്ക് സോഷ്യൽ മീഡിയ സൈറ്റുകൾ വഴി പരസ്യങ്ങൾ നൽകാൻ കഴിയും. അതിനായി പരസ്യം നൽകുന്ന കമ്പനികളിൽ നിന്നും സോഷ്യൽ മീഡിയ കമ്പനികൾ (Facebook, Google etc) പണം ഈടാക്കും. അങ്ങനെ ആണ് അവർ ലാഭം ഉണ്ടാക്കുന്നത്.
എന്നാൽ കോടിക്കണക്കിനു ഉപയോക്താക്കളിൽ ആർക്കൊക്കെ എന്തൊക്കെ പരസ്യങ്ങൾ കാണിക്കണം എന്നത് തീരുമാനിക്കേണ്ടതുണ്ട്. പത്രത്തിൽ പരസ്യം കാണുന്നത് പോലെയല്ല അത്. നിങ്ങൾക് താല്പര്യം ഉള്ള ഉത്പന്നങ്ങളുടെ മാത്രം പരസ്യങ്ങൾ ആണ് നിങ്ങൾ കാണുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി ആ താല്പര്യങ്ങൾ എന്താണെന്ന് അറിയണം. അതിനുള്ള വിവരങ്ങളാണ് (Metadata) Facebook പോലെയുള്ള കമ്പനികൾ നിയമപരമായി ഉപയോഗിക്കുന്നത്.
നിങ്ങൾ സെർച്ച് ചെയ്യുന്ന കാര്യങ്ങൾ, കാണുന്ന വീഡിയോസ്, ഫോട്ടോസ്, ഓൺലൈൻ ആയി വാങ്ങിയ ഉത്പന്നങ്ങൾ, നിങ്ങളുടെ ലൊക്കേഷൻ ഹിസ്റ്ററി, ഫോൺ മോഡൽ, ഓപ്പറേറ്റിംഗ് സിസ്റ്റം, നെറ്റ്‌വർക്ക് ഓപ്പറേറ്റർ തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഇത്തരം വിവരങ്ങൾ നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാൻ പറ്റാത്തവയാകും. പകരം നിങ്ങൾക് ഒരു സവിശേഷ നമ്പറോ കോഡോ ആയിരിക്കും ഉണ്ടാവുക. അതായത് പരസ്യങ്ങൾ നൽകുന്ന ബിസിനസുകൾക്ക് നിങ്ങൾ ആരാണെന്ന് മുൻകൂട്ടി അറിയാൻ കഴിയില്ല എന്ന്. നിങ്ങൾ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ മാത്രം ആണ് അവർക്ക് നിങ്ങളെ അറിയാൻ പറ്റുക. അത് വഴി ബിസിനസുകൾക്ക് നിങ്ങളെ ബന്ധപ്പെടാനും ഉത്പന്നങ്ങളെപ്പറ്റി അറിയിക്കാനും കഴിയുന്നു. ഇത്തരം വിവരങ്ങൾ എല്ലാം കൈകാര്യം ചെയ്യുന്നത് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ (Algorithms) ആണ്; ആളുകൾ അല്ല.
പരസ്യങ്ങൾ വഴി പുതിയ ഉത്പന്നങ്ങൾ നിങ്ങളിൽ എത്തിക്കുകയും, അത് വിൽക്കുന്നതിലൂടെ ലാഭം ഉണ്ടാക്കുകയും ചെയ്യുകയാണ് എല്ലാ ബിസിനസുകളുടെയും ലക്ഷ്യം. അല്ലാതെ നിങ്ങൾ അയക്കുന്ന മെസ്സേജ് വായിച്ച് ചിരിക്കാനും കരയാനും അല്ല.
ഇന്റർനെറ്റിൽ നിങ്ങൾ കൈമാറ്റം ചെയ്ത എല്ലാ വിവരങ്ങളും ഓരോ സെർവറുകളിൽ ലോകത്തിന്റെ പല ഭാഗത്താണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ ശരിയായ രീതിയിൽ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തുന്ന ഓരോ രാജ്യത്തെയും നിയമങ്ങൾ ആണ് നിങ്ങൾക്ക് ആ സേവനങ്ങളിൽ വിശ്വാസിത (Trust) ഉണ്ടാക്കേണ്ടത്. ഇന്റർനെറ്റിൽ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇത്തരം വിശ്വാസിതയിൽ അധിഷ്ടിതമാണ്. അത്തരം നിയമങ്ങൾ പാലിച്ചാണ് Facebook പോലെയുള്ള കമ്പനികൾ പ്രവർത്തിക്കുന്നത്. ഇനി നിങ്ങൾ പണം കൊടുക്കുന്ന സേവനങ്ങൾ ആയാലും ഇത് തന്നെയാണ് ബാധകം.
നിത്യജീവിതത്തിൽ നാം ചെയ്യുന്ന കാര്യങ്ങൾ എളുപ്പമാക്കുന്നതിനാണ് സാങ്കേതികവിദ്യ നാം ഉപയോഗിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ Data ക്ക് അതിൽ വളരെ വലിയ പങ്കുണ്ട്. “ATM near me” എന്ന് സെർച്ച് ചെയ്യുമ്പോൾ അടുത്തുള്ള ATM കാണുന്നത് അത്തരം സാങ്കേതിക വിദ്യ നിങ്ങളുടെ വിവരങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് കൊണ്ടാണ്. നിങ്ങളുടെ ഒരു വിവരവും ആരും ഉപയോഗിക്കരുത് എന്നാണെങ്കിൽ, നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.
FAQ
1. എന്ത് തരം എൻക്രിപ്ഷൻ ആണ് WhatsApp ഉപയോഗിക്കുന്നത്?
Open Whisper System ഡെവലപ് ചെയ്ത Signal Protocol ആണ് WhatsApp ഉപയോഗിക്കുന്നത്. Signal എന്ന മെസൻജർ ആപ്പും ഇത് തന്നെയാണ് ഉപയോഗിക്കുന്നത്. അതായത് Signal ഉപയോഗിച്ചാലും WhatsApp ഉപയോഗിച്ചാലും ഡാറ്റാ എൻക്രിപ്റ്റ് ചെയ്യുന്നത് ഒരേ രീതിയിൽ ആണ്.
2. എന്തൊക്കെയാണ് WhatsApp എൻക്രിപ്റ്റ് ചെയ്യുന്നത്?
നിങ്ങൾ അയക്കുന്ന ടെക്സ്റ്റ് മെസ്സേജസ്, ഫോട്ടോസ്, വീഡിയോസ്, ഫയൽസ്, ഓഡിയോ, ഗ്രൂപ്പ് മെസ്സേജസ്, കാൾ, സ്റ്റാറ്റസ് പിന്നെ ലൈവ് ലൊക്കേഷൻ.
3. WhatsApp ന്റെ സെർവറിൽ സൂക്ഷിച്ചിരിക്കുന്ന എൻക്രിപ്റ്റഡ് മെസ്സേജ് WhatsApp നോ Facebook നോ വായിക്കാൻ കഴിയുമോ?
ഇല്ല. ഡെക്രിപ്ഷൻ ചെയ്യാനുള്ള കീ (encryption/decryption key), അതായത് കോഡ് രൂപത്തിലായ മെസ്സേജസ് തിരിച്ചു പഴയപടിയാക്കാൻ ഉള്ള സംഗതി, നിങ്ങളുടെ ഫോണിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്.
4. ഗവണ്മെന്റുകൾക്കും പോലീസിനും നിങ്ങളുടെ WhatsApp മെസ്സേജസ് വായിക്കാൻ കഴിയുമോ?
ഇല്ല. മൂന്നാമതൊരാൾക്ക് WhatsApp മെസ്സേജസ് വായിക്കാൻ കഴിയില്ല. എന്നാൽ നിങ്ങളുടെ ഫോൺ, അല്ലെങ്കിൽ നിങ്ങൾ ചാറ്റ് ചെയ്ത വ്യക്തിയുടെ ഫോൺ, കണക്ട് ചെയ്ത അക്കൗണ്ട്സ് എന്നിവ നേരിട്ട് പരിശോധിക്കുകയാണെങ്കിൽ മെസ്സേജസ് അവർക്ക് വായിക്കാൻ കഴിഞ്ഞേക്കാം. രണ്ട് വ്യക്തികൾ തമ്മിൽ നടത്തുന്ന ആശയവിനിമയം, മൂന്നാമതൊരാൾക്ക് ലഭിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് E2EE. നിങ്ങളുടെ ഫോണിൽ എത്തിക്കഴിഞ്ഞ വിവരങ്ങൾ സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തം ആണ്.
5. നിയമപരമായി ആവശ്യപ്പെട്ടാൽ WhatsApp ന് വിവരങ്ങൾ നൽകേണ്ടി വരില്ലേ?
വരും. പക്ഷെ അതിൽ എൻക്രിപ്റ്റഡ് മെസ്സേജസ് ഉണ്ടാകില്ല. കാരണം WhatsApp ഡെലിവർ ചെയ്ത മെസ്സേജസ് അവരുടെ സെർവറിൽ നിന്ന് നീക്കം ചെയ്യും. ഡെലിവർ ചെയ്യാത്ത മെസ്സേജസ് 30 ദിവസത്തിന് ശേഷവും.
6. നിയമപരമായി ആവശ്യപ്പെട്ടാൽ എന്തൊക്കെ വിവരങ്ങൾ WhatsApp ന് കൈമാറാൻ കഴിയും?
നിങ്ങളുടെ ആപ്പ് ഉപയോഗക്രമം, രജിസ്റ്റർ ചെയ്ത സമയം, സെറ്റിംഗ്സ്, DP, എബൌട്ട് മെസ്സേജ്, ലാസ്റ്റ് ആക്റ്റീവ് ആയ സമയം, IP അഡ്രസ്സസ്, കോൺടാക്ട്, ചിലപ്പോൾ നിങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പുകളും. ഇവയെ Metadata എന്ന് പറയുന്നു.
7. എന്തൊക്കെ തരത്തിൽ WhatsApp ഡാറ്റാ ചോർത്താം?
A. നിങ്ങളുടെയോ നിങ്ങൾ ചാറ്റ് ചെയ്ത ആളുടെയോ ഫോൺ നേരിട്ട് ആക്സസ്സ് ചെയ്യുന്നതിലൂടെ.
B. നിങ്ങളുടെ മെസ്സേജസ് ടാപ് ചെയ്യാനുള്ള ട്രോജൻ (Hidden apps) ആപ്ലിക്കേഷൻസ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ.
C. നിങ്ങൾ ക്രീയേറ്റ് ചെയ്ത ബാക്കപ്സ് (Google Drive etc), സ്ക്രീൻഷോട്സ്, ഈമെയിൽഡ് ചാറ്റ് എന്നിവയിലൂടെ.
8. നിങ്ങൾ WhatsApp ൽ മറ്റൊരാളുമായി ചാറ്റ് ചെയ്ത കാര്യങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഉടൻ തന്നെ സോഷ്യൽ മീഡിയ സൈറ്റുകളിൽ കാണാറുണ്ടല്ലോ? WhatsApp മെസ്സേജസ് വായിക്കുന്നില്ലെങ്കിൽ എങ്ങനെ ആണ് അത് സംഭവിക്കുന്നത്?
WhatsApp മാത്രം അല്ല നിങ്ങളുടെ ഫോണിൽ ഉള്ള അപ്ലിക്കേഷൻ. ബാക്ഗ്രൗണ്ടിൽ റൺ ചെയ്യാനും, മതിയായ പെർമിഷൻ ഉണ്ടെങ്കിൽ നിങ്ങൾ ഫോണിൽ ചെയ്യുന്ന എന്ത് കാര്യങ്ങളും നിരീക്ഷിക്കാൻ മറ്റ് ആപ്പുകൾക്ക് കഴിയും. ഉദാഹരണം നിങ്ങൾ ഉപയോഗിക്കുന്ന കീബോർഡ് ആപ്ലിക്കേഷന് നിങ്ങൾ ടൈപ്പ് ചെയ്യുന്നതെല്ലാം ലഭിക്കുന്നു. ഇത് തടയുന്നതിനായി Play Store ൽ ലഭ്യമായ വിശ്വാസിതയുള്ള ആപ്ലിക്കേഷൻസ് മാത്രം ഇൻസ്റ്റാൾ ചെയ്യുക. ഇന്റർനെറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യുന്നവ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
എല്ലാ കാര്യങ്ങളിലും എന്ന പോലെ, കാര്യങ്ങൾ വ്യക്തമായി മനസിലാക്കുന്നതിനും യുക്തിപരമായി അവയെ വിശകലനം ചെയ്യുന്നതിനും നമുക്കുള്ള അവജ്ഞയാണ് (Ignorance) ഇത്തരം ഊഹാപോഹങ്ങളിലേക്കും ഭയത്തിലേക്കും നയിക്കുന്നത്. Terms of Use വായിക്കാതെ Agree/Next അടിച്ച് പോകുന്നവർ ആണ് എല്ലാവരും. എല്ലാവർക്കും ToS വായിച്ച് മനസിലാക്കാനും കഴിയില്ല. Facebook പോലെയുള്ള കമ്പനികൾ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുടെ നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അവരുടെ നിയമങ്ങൾ നമ്മുടെ രാജ്യത്ത് ബാധകം അല്ല. നമുക്ക് അവരുടെ അത്ര ശക്തമായ നിയമങ്ങളും ഇല്ല. എന്തിന്, ToS പ്രാദേശികഭാഷകളിൽ കൂടി ലഭ്യമാക്കാൻ ഉള്ള നിർദ്ദേശം പോലും നമ്മുടെ ഗവൺമെന്റുകൾ ഇത്തരം വലിയ കമ്പനികൾക്ക് നൽകാറില്ല.